തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് കുത്തേറ്റു. മുഖത്തും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും കുത്തേറ്റ വിദ്യാർത്ഥിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല. കുത്തേറ്റത് തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്.
ഇതിനു മുന്‍പ് ഇന്നലെ വൈകുന്നേരവും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തർക്കം പരിഹരിക്കാൻ എത്തിയ പോലീസ്, ബന്ധപ്പെട്ട വിദ്യാർത്ഥികളെ പിടികൂടി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിട്ടയച്ചിരുന്നു. അതിന്റെ തുടർച്ചയായി ഇന്നലെ രാത്രിയാണ് വീണ്ടും സംഘർഷമുണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഇത്തരത്തിലുള്ള സംഘർഷങ്ങൾ പതിവാണെന്ന് പോലീസ് വ്യക്തമാക്കി.






