കോട്ടയം: ആശാപ്രവര്‍ത്തകരുടെ സമരത്തെ സി.പി.എം. തള്ളിപ്പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കോണ്‍ഗ്രസ് പാളയത്തിലേക്ക്. കുറവിലങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് പള്ളിയമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.എ. രവീന്ദ്രന്റെ ഭാര്യ സിന്ധു ആണ് യു.ഡി.എഫ്. പാനലില്‍ മത്സരിക്കുന്നത്. സി.ഐ.ടി.യു.വിന് കീഴിലുള്ള ആശാ വര്‍ക്കേഴ്സ് യൂണിയന്‍ ഭാരവാഹിയും മഹിള അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്നു സിന്ധു.
തിരുവനന്തപുരത്ത് ആശാപ്രവര്‍ത്തകര്‍ നടത്തിയ രാപകല്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന വിലക്ക് ലംഘിച്ച് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം സമരത്തില്‍ പങ്കെടുത്തിരുന്നു.കുറവിലങ്ങാടുനിന്നുള്ള ആശാപ്രവര്‍ത്തകരെ ഒമ്പത് തവണയാണ് സിന്ധു സമരത്തില്‍ പങ്കെടുപ്പിച്ചു.
‘ന്യായമായ സമരത്തെ തള്ളിപ്പറയുകയും അടിച്ചൊതുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തോടുള്ള എതിര്‍പ്പാണ് സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായി സിന്ദു വ്യക്തമാക്കിയത്. സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത് യു.ഡി.എഫ്. ആണെന്നും ,’ സിന്ധു രവീന്ദ്രന്‍ പറഞ്ഞു. ഭര്‍ത്താവ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയാണെങ്കിലും തന്റെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ പൂര്‍ണ്ണ സമ്മതമാണ് നല്‍കിയിരിക്കുന്നതെന്നും സിന്ധു അറിയിച്ചു. മക്കളായ അഞ്ജലിയും അര്‍ജുനും പ്രചാരണത്തില്‍ സജീവമാണ്.ആശാസമര പോരാളിയായ സിന്ധുവിന്റെ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ അറിയിച്ചു. സിന്ധുവിന്റെ പ്രചാരണത്തിനായി ആശാസമര നേതാക്കളും കുറവിലങ്ങാട്ടെത്തും.






