ഗതാഗതം താൽക്കാലികമായി നിരോധിച്ചു

പാലക്കാട്: നെന്മാറ ഒലിപ്പാറ റോഡിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ കണിമംഗലം മുതൽ തിരുവഴിയാട് വരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പഴകിയ റോഡിൽ റീ ടാറിങ് പുനർസ്ഥാപിക്കുന്നതും, ഡ്രൈനേജ് പൈപ്പ് സ്ഥാപിക്കുക, സൈഡ് വാൾ നിർമ്മാണം തുടങ്ങിയ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്.
റോഡിന്റെ മോശം അവസ്ഥ മൂലം വർഷങ്ങളായി നാട്ടുകാർക്കും, വിദ്യാർത്ഥികൾക്കും ,വ്യാപാരികൾക്കും ഗതാഗത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയായാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് ഫണ്ടും ജില്ലാ പഞ്ചായത്ത് വികസന പദ്ധതിയും ആണ് ഈ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നത്. ഏകദേശം 1.25 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ 4.5 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. ഒലിപ്പാറ റോഡിന്റെ നവീകരണം ഏറെ നാളായി നാട്ടുകാർ പ്രതീക്ഷിച്ച പദ്ധതിയായിരുന്നു. ഇപ്പോഴത്തെ ഗതാഗത നിയന്ത്രണം താൽക്കാലികമായാണ്. നെന്മാറ ഒലിപ്പാറ റോഡിന്റെ കുഴിയിൽപ്പെട്ട് മഴക്കാലത്ത് ബൈക്ക് യാത്രക്കാർക്ക് അപകടം പറ്റിയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയിൽ ബസുകൾക്കും യാത്ര ബുദ്ധിമുട്ടാണ്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വലിയ വാഹനങ്ങൾ നെന്മാറ നെല്ലിയാമ്പതി റോഡിൽ നിന്നും പേഴുംപാറ ജംഗ്ഷനിൽ നിന്നും മരുതഞ്ചേരി വഴി പൂവച്ചോട് ജംഗ്ഷനിൽ എത്തി ഒലിപ്പാറയിലേക്കും തിരുവഴിയാടി ലേക്കും പ്രവേശിക്കാം. ചെറിയ വാഹനങ്ങൾ കരിങ്കുളം, കരിമ്പാറ, വഴിയോ പാളിമംഗലം, അയിലൂർ വഴിയോ തിരിഞ്ഞു പോകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.






