കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയായി ചേർക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ കേസിലെ പ്രതികളുടെ എണ്ണം മൂന്നാകും.
ഡി.വൈ.എഫ്.ഐ നേതാക്കളായ ജിതിൻ ഭാസ്‌കറും അമലും നിലവിൽ കേസിലെ മറ്റ് പ്രതികളാണ്. കേസിന്റെ അന്വേഷണത്തിനിടെ റിബേഷ് രാമകൃഷ്ണനെ പലതവണ ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
അതേസമയം, പ്രതിചേർക്കാനുള്ള സാധ്യത മുന്നിൽകണ്ട് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ ജിതിൻ ഭാസ്‌കർ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം അയച്ചത് റിബേഷ് രാമകൃഷ്ണനാണെന്നും തുടർന്ന് അത് വ്യാപകമായി പ്രചരിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിചേർക്കാൻ പൊലീസ് തീരുമാനിച്ചതെന്നാണ് വിവരം.
റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം റിബേഷിന് നോട്ടീസ് നൽകി ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയാലും മുൻകൂർ ജാമ്യമുള്ളതിനാൽ ജാമ്യ ഉപാധികൾക്ക് വിധേയമായി വിട്ടയക്കാനാണ് സാധ്യത. കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.












