Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡോ. റാമിന് ജാമ്യം കിട്ടിയത് എങ്ങനെ? എന്താണ് ക്രൈംബ്രാഞ്ചിന് സംഭവിച്ച വീഴ്ച്ച? തൊടാനാവാതെ 100 ദിവസം, റിപ്പോർട്ട് തേടി ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ പോലീസിനും അന്വേഷണ സംഘത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി ആഭ്യന്തര വകുപ്പ്. സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോട് സംഭവത്തിൽ വിശദീകരണം തേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിലെ അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ രൂക്ഷമായ പാളിച്ചകൾ സംഭവിച്ചെന്ന ആരോപണം ഉയർന്നതോടെ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനമായി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരിക്കും ഇനി കേസിന്റെ തുടരന്വേഷണം നടക്കുക. എന്താണ് കേസിൽ സംഭവിച്ചതെന്ന് വ്യക്തമായി അറിയാൻ ഉത്തര മേഖല ഐജിയെ ചുമതലപ്പെടുത്തിയതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട നിതിൻ രാജിന്റെ കുടുംബം തുറന്നടിച്ചിരുന്നു. പോലീസും പ്രതിയും തമ്മിൽ ഒത്തുകളിച്ചതുകൊണ്ടാണ് ഡോ. റാമിന് ഇത്ര എളുപ്പത്തിൽ ജാമ്യം ലഭിച്ചതെന്നാണ് നിതിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി ചെന്നിത്തല വിശദീകരിക്കുന്നുണ്ടെങ്കിലും കടുത്ത അതൃപ്തിയിൽ തന്നെയാണ് അദ്ദേഹവും.

നിതിൻ രാജ് ആത്മഹത്യ ചെയ്ത് നൂറാം ദിനമാണ് കേസിലെ ഒന്നാം പ്രതിയായ റാം പിടിയിലാകുന്നത്. സംഭവബഹുലമായിരുന്നു ഇയാളുടെ ഒളിവ് ജീവിതം. നിതിൻ രാജിന്റെ മരണവിവരം പുറത്ത് വന്നയുടനെ കണ്ണൂരിൽനിന്ന് തീവണ്ടിയിൽ വാരാണസിയിലേക്കാണ് പുറപ്പെട്ടത്. അവിടുന്ന് തിരിച്ചെത്തി സ്വദേശമായ ആന്ധ്രയിലെ എട്ടോളം ഗ്രാമങ്ങളിലായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതുവരെ ഒളിവിൽ കഴിഞ്ഞിരുന്നത്.

ആന്ധ്രയിലെ ചിറ്റൂരിലുള്ള തന്റെ രാഷ്ട്രീയ സ്വാധീനങ്ങളും പോലീസിനുള്ളിലെ വിവരച്ചോർച്ചയും മുതലെടുത്താണ് പ്രതിരോധനിര തീർത്തത്. സാധാരണ എപ്പോഴും ‘ക്‌ളീൻ ഷേവ്’ ചെയ്യാറുള്ള റാം വെളുത്ത താടി നീട്ടിവളർത്തിയും മുടിക്ക് അൽപം നിറം നൽകിയും രൂപം മാറ്റി. സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രധാരണരീതിയും മാറ്റി. മലയാളികൾ തീരെയില്ലാത്ത സ്ഥലങ്ങളിലാണ് ഒളിവിൽ കഴിഞ്ഞതും.

പകൽ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ ചെലവഴിക്കുന്ന ഇവർ രാത്രിയോടെ ഏതെങ്കിലും വീടുകളിലോ വാടകമുറികളിലോ താമസിക്കും. സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണം ശക്തമാക്കി അന്വേഷണസംഘം ആന്ധ്രയിലെ റാമിന്റെ നാട്ടിൽ ക്യാമ്പ് ചെയ്തതോടെ അവിടെനിന്ന് കർണാടകയിലേക്ക് കടന്നു. കുടകിന് സമീപത്തെ ഗുണ്ടൂർ ഗ്രാമത്തിലാണ് പിന്നീട് ഒളിവിൽ താമസിച്ചത്. ആരെയെങ്കിലും പോലീസാണെന്ന് സംശയം തോന്നിയാൽ തൊട്ടടുത്തുള്ള ഉൾനാടൻ ഗ്രാമത്തിലേക്ക് തിരിക്കും. ഗ്രാമീണ ബസുകളിലായിരുന്നു യാത്ര. സുപ്രീം കോടതിയും കൈവിട്ടതോടെ കീഴടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലാതാവുകയായിരുന്നു.

ബെംഗളൂരുവിലെ മകളുടെ അപ്പാർട്ട്മെന്റിൽ വെച്ച് ലഭിച്ച പുതിയ ഫോൺ നമ്പർ പിന്തുടർന്ന് പുലർച്ചെ 5 മണിയോടെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. എന്നാൽ, സാങ്കേതിക തടസ്സങ്ങളും നിയമപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പ്രതി കോടതിയിൽ നിന്നും ഇറങ്ങിപ്പോയതോടെ പ്രതിക്കൂട്ടിലാകുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കേരള പോലീസുമാണ്. ഉയർന്ന സ്വാധീനമുള്ള പ്രതികൾക്കു മുന്നിൽ പോലീസ് യഥാർത്ഥത്തിൽ പതറുകയാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഏപ്രിൽ 10-ന് ദളിത് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തപ്പോൾ തന്നെ അധ്യാപകരിൽ നിന്നുള്ള കടുത്ത ജാതി അധിക്ഷേപമാണ് കാരണമെന്ന് കുടുംബം വ്യക്തമായി പരാതി നൽകിയിരുന്നു. പക്ഷേ, തുടക്കത്തിൽ കേസ് ലോൺ ആപ്പ് തട്ടിപ്പിലേക്ക് വഴിതിരിച്ചുവിടാനാണ് പ്രാദേശിക പോലീസ് ശ്രമിച്ചത്. ഇതാണ് ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് ഒളിവിൽ പോകാൻ ആവശ്യത്തിന് സമയം നൽകിയതും.

നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ല, ഒരധ്യാപകനെന്ന നിലയിൽ കുട്ടികളോട് കുറച്ച് കർശനമായി പെരുമാറാറുണ്ടെന്നും സ്‌നേഹം പലപ്പോഴും പുറത്ത് പ്രകടിപ്പിക്കാറില്ലെന്നുമാണ് പൊലീസിനോട് റാം പറയുന്നത്. ഒപ്പം, ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട താൻ ജാതിയധിക്ഷേപം നടത്തുന്നത് എങ്ങനെയെന്ന് മറുചോദ്യവും ചോദിക്കുന്നു.

ആഴ്ചകൾ നീണ്ട ഓട്ടത്തിനൊടുവിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ എങ്ങനെയാണ് പോലീസിന് ഇത്ര വലിയ വീഴ്ച്ചയുണ്ടാകുന്നത്? അറസ്റ്റ് നടപടിക്രമങ്ങളിൽ വരുത്തിയ കടുത്ത വീഴ്ചകൾ കാരണം തലശ്ശേരി സെഷൻസ് കോടതി അറസ്റ്റ് റദ്ദാക്കി പ്രതിയെ വിട്ടയയ്ക്കുകയായിരുന്നു. നേരത്തെ സുപ്രീം കോടതി വരെ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ തൊടാൻ പോലീസ് മടിച്ചപ്പോൾ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പൊലീസിനെ വിമർശിച്ചത്. ‘നിയമം നടപ്പാക്കാൻ മടിക്കുന്ന തരത്തിൽ കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെയാണ് ജനങ്ങൾക്ക് നീതി ഉറപ്പാക്കാനാവുക?’ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നിട്ടും, ഒടുവിൽ പ്രതി കോടതിയിൽ നിന്ന് സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഊരിപ്പോന്നത് ആഭ്യന്തര വകുപ്പിന് തിരിച്ചടി തന്നെയാണ്.

ഇത്തരം വമ്പൻ സ്രാവുകൾ നിയമത്തിന്റെ പഴുതുകൾ ഉപയോ​ഗിച്ച് രക്ഷപ്പെടുന്നത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യങ്ങളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടുതൽ കർശനമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. കീഴുദ്യോഗസ്ഥർ വരുത്തുന്ന ഇത്തരം ഗുരുതരമായ നിയമവീഴ്ചകൾ അന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കുമ്പോഴാണ് സ്വാധീനമുള്ളവർ ഈസിയായി ഊരിപ്പോരുന്നതും നിയമം നോക്കുകുത്തിയാകുന്നതും.

Advertisement
WhiteswanTV Footer