കോഴിക്കോട് : നോർത്ത് ബേപ്പൂർ തമ്പുരാൻ പടിയിൽ കിണറ്റിൽ വീണ വയോധികയെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അച്ചാരം പറമ്പ് പാലൻ തൊടിവീട്ടിൽ രാധ യാണ് ഞായറാഴ്ച രാവിലെ 6.30 ഓടെ വീടിനോട് ചേർന്ന കിണറ്റിൽ വീണത്.
വിവരം ലഭിച്ച ഉടൻ മീഞ്ചന്തയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. കിണറ്റിൽ വീണെങ്കിലും രാധ മോട്ടോർ പമ്പ് സെറ്റിന്റെ പൈപ്പിൽ തൂങ്ങിപ്പിടിച്ച് നിൽക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വി കെ സിധീഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഉദ്യോഗസ്ഥനായ പി അനുപ്കുമാർ കിണറ്റിൽ ഇറങ്ങി വയോധികയെ നെറ്റിൽ കയറ്റിയ ശേഷം സുരക്ഷിതമായി പുറത്തെത്തിച്ചു. തുടർന്ന് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ രാധയെ ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ ഷെഫീല ലി, എം ഡി മിഥുലാജ്, കെ നിന്നുഷ്, എൻ അനൂപ് എന്നിവരും പങ്കാളികളായി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ രാധയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു.






