കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അഴിയൂരില്‍ എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഐഎന്‍എല്‍ മത്സരരംഗത്തു നിന്ന് പിന്മാറി. എല്‍ഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ അഴിയൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഐഎന്‍എല്‍ ബഹിഷ്‌കരിച്ചു. വിജയ സാധ്യതയുള്ള സീറ്റ് നല്‍കണമെന്ന ആവശ്യം എല്‍ഡിഎഫ് തള്ളിയതാണ് ഐഎന്‍എല്‍ മാറി നില്‍ക്കാന്‍ കാരണം.
ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും പ്രതീക്ഷിച്ച വാര്‍ഡ് കിട്ടാതായതോടെയാണ് ഐഎന്‍എല്‍ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയത്. യുഡിഎഫിന് വന്‍മേല്‍ക്കൈയുള്ള വാര്‍ഡുകളില്‍ ഒതുക്കാനുള്ള നീക്കം ഐഎന്‍എല്‍ അംഗീകരിച്ചില്ല. ഇതോടെ ഒറ്റക്ക് മത്സരിക്കാമെന്ന നിര്‍ദേശമുയര്‍ന്നു.
മൂന്നു വാര്‍ഡുകളില്‍ തനിച്ച് മത്സരിക്കണമെന്ന ആഗ്രഹമാകട്ടെ നേതൃത്വം നിരുത്സാഹപ്പെടുത്തുകയും ചെയ്തതോടെയാണ് ഐഎന്‍എല്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയത്.
കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളി ടൗണിലെ ഓഡിറ്റോറിയത്തില്‍ നടന്ന ഇടതു കണ്‍വന്‍ഷന്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. പോളിംഗിന്റെ രണ്ട് ദിവസം മുമ്പ് യോഗം ചേര്‍ന്ന് ആര്‍ക്ക് വോട്ടു ചെയ്യുമെന്ന് തീരുമാനിക്കുമെന്ന് ഐഎന്‍എല്‍ നേതൃത്വം വ്യക്തമാക്കി. എസ്ഡിപിഐക്കും ബിജെപിക്കും വോട്ട് ചെയ്യില്ലെന്നും ഇക്കൂട്ടര്‍ പറഞ്ഞു.






