കോഴിക്കോട് : കോഴിക്കോട് ടൗൺഹാൾ റോഡിൽ ഗതാഗതം ഇനി മുതൽ ഇരുദിശകളിലേക്കും. മാനാഞ്ചിറയ്ക്ക് ചുറ്റുമുള്ള റോഡിന്റെ നിർമ്മാണവുമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളിൽ വീർപ്പ് മുട്ടിയ ജനങ്ങൾക്ക് ടൗൺഹാൾ റോഡിലെ ഗതാഗതം ഇരുദിശകളിലേക്കുമായി പരിഷ്ക്കരിച്ചതോടെ ഏറെ ആശ്വാസമായി.
മോഡൽ സ്ക്കൂൾ – അൻസാരി പാർക്ക് ജങ്ഷനിൽ നിന്ന് കാറുകൾക്കും, ഇരുചക്ര വാഹനങ്ങൾക്കും മാനാഞ്ചിറ മതിലിനോട് ചേർന്ന് സഞ്ചരിച്ച് ക്രൗൺ തിയേറ്ററിന് മുന്നിലൂടെ രണ്ടാം റെയിൽവേ ഗേറ്റ് വരെ വരാം. നഗരത്തിന്റെ വടക്ക് ദിശകളിൽ നിന്ന് മിഠായിത്തെരുവിൽ എത്തുന്നവർക്കും, റെയിൽവെ നാലാം പ്ലാറ്റ്ഫോമിലേക്ക് എത്തുന്നവർക്കും ഇത് ഏറെ സഹായകരമാകും.










