മലപ്പുറം : പ്രചാരണത്തിലെ മേൽക്കൈ ആദ്യാവസാനം നിലനിർത്തിയ എൽഡിഎഫിന്റെ വിജയപ്രതീക്ഷകൾ വാനോളമുയർത്തുന്ന ആവേശവുമായി മഞ്ചേരിയിൽ കൊട്ടിക്കലാശം. മഞ്ചേരി നഗര സഭയിൽ വാർഡ് കേന്ദ്രീകരിച്ച് നുറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്ന റാലികളും ചുവന്ന കൊടികളും താളമേളങ്ങളുമായി നിരത്തുകൾ നിറഞ്ഞു. കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അണിനിരന്നതോടെ ആവേശത്തിരയിളകി. ചുവന്ന കൊടികൾ പാറിച്ചും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച ബലൂണുകളും തൊപ്പികളും ധരിച്ചുമാണ് പ്രവർത്തകർ എത്തിയത്. യുവാക്കൾ താളത്തിനൊത്ത് ചുവടുകൾവച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും കൊട്ടിക്കലാശത്തിൽ പങ്കെടുത്തപ്പോൾ പ്രായം മറന്ന് മുതിർന്ന പൗരൻമാരും ആവേശത്തിലായി. കുട്ടികളും മുതിർന്നവർക്കൊപ്പം ആവേശത്തിൽ പങ്കുചേർന്നു. സ്ഥാനാർഥികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ ആനയിച്ചുള്ള പ്രകടനവും കളറായി.




