തിരുവനന്തപുരം : പൊന്മുടി സ്റ്റേഷനിലെ വനിതാ പോലീസിനെയും കൊണ്ടുപോയ കാർ അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചേ 5.45-ഓടെ ആര്യനാട്ടു നിന്നും പറണ്ടോട് പോകുന്ന വഴിയിൽ ചേരപ്പള്ളി വളവിലാണ് സംഭവം.
കാറിലുണ്ടായിരുന്ന പൊന്മുടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ആര്യനാട് സ്വദേശിനി ശ്രീദേവി (52), ഈ സ്റ്റേഷനിെല നിയമസഹായ വിഭാഗത്തിലെ ജീവനക്കാരനുമായ വട്ടിയൂർക്കാവ് സ്വദേശി അരുൺ (38) എന്നിവർക്കാണ് പരിക്കേറ്റത്. തിരഞ്ഞെടുപ്പായതിനാൽ രാവിലെ തന്നെ സ്റ്റേഷനിൽ എത്താനായി അരുണിന്റെ കാറിലായിരുന്നു ശ്രീദേവി യാത്ര ചെയ്തത്. ഇരുത്തലമൂലയിൽ നിന്നും സഹവനിതാ പോലീസ് ഉദ്യോഗസ്ഥയെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് കരുതിയായിരുന്നു ഇവരുടെ യാത്ര. ഇതിനിടെ ചേരപ്പള്ളിയിലെ കൊടുംവളവിൽവച്ച് അരുണും ശ്രീദേവിയും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തി ഇരുവരേയും കാറിൽ നിന്നും പുറത്തെടുത്തു. ശ്രീദേവി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അരുൺ മെഡിക്കൽ കോളേജിലും ചികിത്സ തേടി.




