മലപ്പുറം: മലപ്പുറം ജില്ലയിലെ 122 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ഇലക്ഷൻ കണ്ട്രോൾ റൂമും വെബ്കാസ്റ്റിംഗ് കണ്ട്രോൾ റൂമും സജ്ജമായി. ഡെപ്യൂട്ടി കളക്ടർ ഇ നസീറയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുക. 15 ബ്ലോക്കുകളിലേക്ക് ഒരു ടീം വീതവും മൂന്ന് മുനിസിപ്പാലിറ്റികളിലേക്ക് ഒരു ടീം വീതവുമാണ് സജ്ജമായിട്ടുള്ളത്.
295 പ്രശ്ന ബാധിത ബൂത്തുകളിലേക്ക് ഇലക്ഷൻ വെബ്കാസ്റ്റിംഗ് നോഡൽ ഓഫീസർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ ആസൂത്രണ സമിതി ഹാളിൽ വെബ്കാസ്റ്റിങ് കണ്ട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി 30 ടീമുകളെയാണ് വിന്യസിപ്പിച്ചിട്ടുള്ളത്. കെൽട്രോൺ, അക്ഷയ സംരംഭകർ, ഐ ടി മിഷൻ എന്നീ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വെബ് കാസ്റ്റിങ് നടക്കുക.






