കോട്ടയം: ചങ്ങനാശ്ശേരിയിൽ എൻ എസ് എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 149–ാമത് ജയന്തി ആഘോഷങ്ങൾക്കായി പെരുന്ന ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനുമാണ് മന്നം ജയന്തി ആഘോഷ പരിപാടികൾ. സമുദായാചാര്യനു മുൻപിൽ പുഷ്പാർച്ചന നടത്താൻ പതിനായിരക്കണക്കിനു സമുദായാംഗങ്ങൾ മന്നം സമാധി മണ്ഡപത്തിലെത്തും.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മേൽനോട്ടത്തിലാണ് മന്നം ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ജനുവരി ഒന്നിനു രാവിലെ ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, പത്തു മുപ്പതിന് അഖിലകേരള നായർ പ്രതിനിധിസമ്മേളനം. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനാ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കും.
എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് മൂന്നിന് സംഗീതക്കച്ചേരി, വൈകിട്ട് 6.30ന് സിനിമ താരം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒൻപതിന് കഥകളി– നളചരിതം നാലാംദിവസം, നിഴൽക്കുത്ത്. രണ്ടിന് രാവിലെ ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, വേദിയിൽ എഴിനു നാഗസ്വരക്കച്ചേരി. രാവിലെ 8.30ന് നന്ദഗോവിന്ദം ഭജൻസിന്റ സാന്ദ്രാനന്ദലയം നടക്കും.
അന്നേ ദിവസം രാവിലെ പതിനൊന്നിനു മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ അനുസ്മരണപ്രഭാഷണം നടത്തും.






