തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി വിദ്യാർത്ഥികളുടെ പ്രതിരോധക്കോട്ട. തൃശൂരിലെ സ്വരാജ് റൗണ്ടിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിനായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്നു.
വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാജൻ, തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി.
ഒല്ലൂർ എസ്.എം.എം.ജി.വി.എച്ച്.എസ്.എസ് വൈലോപ്പിള്ളിയിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച “അയ്യയ്യോ ലഹരി ബാധ” എന്ന തെരുവ് നാടകം ശ്രദ്ധേയമായി.തുടർന്ന് സംസ്‌കൃതം, അറബി സ്കൂൾ കലോത്സവങ്ങളുടെ ലോഗോ പ്രകാശനവും നടന്നു.






