ന്യൂഡൽഹി: തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. “എന്തൊക്കെയാണ് അവർ പറയുന്നത്?” എന്ന ചോദ്യം ഉന്നയിച്ച കോടതി, മനേക ഗാന്ധിയുടെ പ്രസ്താവനകൾ കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് നിരീക്ഷിച്ചു.മനേക ഗാന്ധിക്കെതിരെ ഇതുവരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തത് കോടതിയുടെ മഹാമനസ്കത കൊണ്ടാണെന്നും ബെഞ്ച് വ്യക്തമാക്കി. ഒരു മൃഗസ്നേഹിയെന്ന നിലയിലും മുൻ കേന്ദ്രമന്ത്രിയെന്ന നിലയിലും തെരുവ് നായ പ്രശ്നപരിഹാരത്തിന് അവർ ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.തെരുവ് നായ്ക്കളെ പോറ്റുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നായ കടിയേറ്റ സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, ഈ മാസം ആദ്യം തന്നെ ഡൽഹി എൻസിആർ മേഖലയിലെ തെരുവ് നായ പ്രശ്നം സുപ്രീം കോടതി അവലോകനം ചെയ്തിരുന്നു.
പൊതു സുരക്ഷയാണ് ആദ്യ പരിഗണനയെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ തെരുവ് നായകളുടെ സാന്നിധ്യം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു.ഒരു നായ ആരെയെങ്കിലും ആക്രമിച്ചാൽ ആരാണ് ഉത്തരവാദിയാകുന്നത് എന്ന ചോദ്യവും കോടതി ഉയർത്തി. നായകളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നവർ അവയെ തെരുവിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നതിന് പകരം ലൈസൻസുള്ള വളർത്തുമൃഗങ്ങളായി പരിപാലിക്കണമെന്നും കോടതി നിർദേശിച്ചു.തെരുവ് നായ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ ശക്തമായ വിമർശനങ്ങൾ ഉണ്ടായത്.






