കോട്ടയം: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം, ബാല്യകാലത്തെ സ്വപ്നങ്ങളും ചിരികളും പങ്കിട്ട ആ പഴയ ക്ലാസ് മുറിയിലേക്ക് അവർ വീണ്ടും എത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിലെ 1975-76 എസ്.എസ്.എൽ.സി ബാച്ച് പത്ത് സി ഡിവിഷനിലെ സഹപാഠികളാണ് ‘റിപ്പിള്‍സ്@50’ എന്ന പേരിൽ വീണ്ടും ഒത്തുകൂടിയത്. കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ കരുത്തുമായി എത്തിയ ഇവർക്ക്, തങ്ങൾ പഠിച്ച അതേ തടി ബെഞ്ചുകളിലിരുന്നുള്ള സംഭാഷണങ്ങൾ ഗതകാല സ്മരണകളുടെ മധുരമേറി.
സംഗമത്തിൽ പഴയകാല അദ്ധ്യാപകരും പങ്കുചേർന്നതോടെ ക്ലാസ് മുറി ഒരു വലിയ കുടുംബമായി മാറി. അറിവ് പകർന്നുനൽകിയ പ്രിയ അദ്ധ്യാപകരായ എം.എസ്. ചാമക്കാല, തേക്കിൻകാട് ജോസഫ്, വി.ഒ. പോൾ എന്നിവർ ശിഷ്യർക്ക് ആശംസകൾ നേർന്നു. പാട്ടുകളും പഴയ തമാശകളും ജീവിതാനുഭവങ്ങളും പങ്കുവെച്ച പരിപാടിയിൽ, ഓർമ്മയായി മാറിയ അദ്ധ്യാപകർക്കും സഹപാഠികൾക്കും പ്രണാമം അർപ്പിച്ചു. 1976-ലെ അവസാന ക്ലാസ് ദിവസം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്ത അതേ സ്ഥലത്തുതന്നെ അരനൂറ്റാണ്ടിന് ശേഷം വീണ്ടും ഗ്രൂപ്പ് ഫോട്ടോ എടുത്തത് ഏവർക്കും വൈകാരിക നിമിഷമായി.



