വീടുകളിലെ സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് ഉറുമ്പ് ശല്യം. അടുക്കള മുതൽ കിടപ്പുമുറിവരെ, തുണികൾക്കിടയിലും പത്രങ്ങൾക്കിടയിലും തറയിലും ഭിത്തിയിലുമെല്ലാം ഉറുമ്പുകളെ കാണാറുണ്ട്. ചില ഇടങ്ങളിൽ ഉറുമ്പുകളുടെ വലിയ കൂട്ടങ്ങൾ രൂപപ്പെടുന്നതും പതിവാണ്. പലവിധ മാർഗങ്ങൾ പരീക്ഷിച്ചിട്ടും പലപ്പോഴും ഈ ശല്യം പൂര്ണമായി മാറുന്നില്ല. ഇത്തരത്തിൽ ഉറുമ്പ് ശല്യം സ്ഥിരമായി നേരിടുന്നവർക്ക് രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ പരീക്ഷിക്കാവുന്ന ചില ലളിതവും ഫലപ്രദവുമായ മാർഗങ്ങളുണ്ട്.
വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി ഉറുമ്പ് കാണപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റാൻ സഹായിക്കും. കൂടാതെ, ഉറുമ്പുകൾ വരുന്ന വഴികളിലും വാതിലുകളുടെയും ജനാലകളുടെയും ഇടവേളകളിലും നാരങ്ങാ നീര് ഒഴിക്കുന്നതും ഫലപ്രദമാണ്. വീട്ടിൽ എളുപ്പം ലഭിക്കുന്ന മറ്റൊരു പരിഹാരമാണ് കറുവപ്പട്ട. ഉറുമ്പ് വരുന്ന വഴിത്താരകളിൽ കറുവപ്പട്ട പൊടി വിതറുന്നത് അവയെ തടയാൻ സഹായിക്കും. അതുപോലെ, മഞ്ഞൾപ്പൊടിയും ഉറുമ്പിനെ പ്രതിരോധിക്കാൻ മികച്ചതാണ്. ഉറുമ്പ് കാണപ്പെടുന്ന സ്ഥലങ്ങളിൽ മഞ്ഞൾപ്പൊടി ഇടുന്നത് നല്ല ഫലം നൽകും. ഉപ്പിട്ട് വെള്ളം തിളപ്പിച്ച് തണുപ്പിച്ച ശേഷം വീടിന്റെ വിവിധ ഭാഗങ്ങളിൽ സ്പ്രേ ചെയ്യുന്നതും ഉറുമ്പ് ശല്യം കുറയ്ക്കാൻ സഹായകമാണ്.
ഇതോടൊപ്പം, ഭക്ഷണ വസ്തുക്കൾ തുറന്നുവയ്ക്കാതിരിക്കുക, ഉപയോഗം കഴിഞ്ഞ പത്രങ്ങൾ ഉടൻ മാറ്റി സൂക്ഷിക്കുക, അടുക്കളയും വീട്ടുമുറ്റവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ശുചിത്വ ശീലങ്ങൾ പാലിച്ചാൽ ഉറുമ്പ് ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.




