കൊച്ചി: കൊച്ചി സിനഗോഗ് ആക്രമണക്കേസിലെ പ്രതി എബിൻ മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ. മൂവാറ്റുപുഴയിലെ ഉപയോഗിച്ച കാറുകൾ വിൽക്കുന്ന ഷോറൂമിന് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ‘ബോസ്’ എന്ന് വിളിക്കുന്നയാൾക്ക് എബിൻ അയച്ചുനൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ സംബന്ധിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. കൂടുതൽ വിവരങ്ങൾ തേടി ടെലഗ്രാമിന് പൊലീസ് കത്തയച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ എബിൻ പോളിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.
എബിനെ കസ്റ്റഡിയിലെടുത്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അയച്ചുനൽകി ക്രിപ്റ്റോ കറൻസി വഴി പണം നേടിയിരുന്നതായാണ് വിവരം. കേസന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം ഇന്നലെ എബിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മൂവാറ്റുപുഴയിലെ ആക്രമണം നടത്തിയത് താനാണെന്ന് എബിൻ സമ്മതിച്ചതായും മറ്റ് ചില സ്ഥലങ്ങളിൽ ആക്രമണം നടത്തുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇവിടെ ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയതായും അന്വേഷണസംഘം അറിയിച്ചു.
ആയുധങ്ങൾ സംബന്ധിച്ച ഇന്റർനെറ്റ് തിരച്ചിലുകളിലും മറ്റ് പ്രവർത്തനങ്ങളിലും കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനായി ടെലഗ്രാമിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. എബിന്റെ മൊബൈൽ ഫോണിൽനിന്ന് പ്രധാനമായും ടെലഗ്രാം ചാറ്റുകളാണ് ലഭിച്ചത്. ‘ബോസ്’ എന്ന് വിളിക്കുന്ന വ്യക്തിയുമായി ഇയാൾ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ വ്യക്തി വിദേശ പൗരനാണെന്ന് എൻഐഎ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമാകും എൻഐഎ എബിനെ വീണ്ടും ചോദ്യം ചെയ്യുക.



