Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവരാവകാശ നിയമത്തിലും കേന്ദ്രത്തിന്റെ കടുംവെട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജനങ്ങളോട് എപ്പോഴും ഉത്തരം പറയേണ്ടത് സർക്കാരിന്റെ ഉത്തരവാധിത്വമാണ്. അതിലൂടെ ഭരണം സുതാര്യമാകുകയും ജനങ്ങളുടെ പങ്കാളിത്തം വർധിക്കുകയും ചെയ്യും. സ്വാതന്ത്ര്യത്തിന്റെ 58-ാം വാർഷികം ആഘോഷിച്ച 2005 ൽ ജനങ്ങൾക്കു ലഭിച്ച മറ്റൊരു സ്വാതന്ത്ര്യമായിരുന്നു സർക്കാരിൽനിന്നു വിവരങ്ങൾ അറിയാനുള്ള അവകാശം. അതുകൊണ്ടുതന്നെ, വിവരാവകാശനിയമം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ ഇപ്പോൾ ശുപാർശ ചെയ്തത് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.

രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശനിയമപ്രകാരം നൽകരുതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ
പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ നിർദ്ദേശിച്ചത്. ഇങ്ങനെ വിട്ടുനൽകേണ്ടിവരുന്നത് ഭരണനിർവഹണത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തൽ. വിവരാവകാശനിയമത്തെ സാരമായി ബാധിക്കുന്ന നിർദേശമാണിതെന്നാണ് പൊതുവെയുളള വിലയിരുത്തൽ.

യു.പി.എ. ഭരണകാലത്ത് നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയതിനുപിന്നാലെയാണ് സാമ്പത്തിക അവലോകനരേഖയിൽ പുതിയ ശുപാർശയെന്നത് ശ്രദ്ധേയമാണ്. അധികാരസ്ഥാപനങ്ങളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനും അഴിമതി തടയാനും ജനാധിപത്യപ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ലക്ഷ്യമിട്ടാണ് 2005-ൽ വിവരാവകാശനിയമം കൊണ്ടുവന്നത്.

ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണു വിവരാവകാശമെങ്കിലും ഇതിനെ ലഘൂകരിക്കാൻ ഭരണസംവിധാനം വിവിധ പഴുതുകൾ കണ്ടെത്തുന്നത് ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് പൊതു ആഭിപ്രായം. യുപിഎ സർക്കാരിന്റെ കാലത്തുകൊണ്ടുവന്ന വിവരാവകാശനിയമം എൻഡിഎ സർക്കാർ ദുർബലമാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് സർവേയിലെ വിവാദ ശുപാർശകൾ.

അല്ലെങ്കിൽത്തന്നെ വിവരാവകാശനിയമത്തിന്റെ കരുത്തു ചോരുന്ന വിധമുള്ള പലവിധ ഇടപെടലുകൾ നടക്കുമ്പോഴാണ് പുതിയ നടപടി. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ഭാഗമായി വിവരാവകാശനിയമത്തിൽ വരുത്തിയ വിവാദ ഭേദഗതി 2025 നവംബറിൽ പ്രാബല്യത്തിലായി. വിവരാവകാശ നിയമത്തെ കൂടുതൽ ദുർബലമാക്കുന്നതായിരുന്നു ആ ഭേദഗതി. ഇതോടെ, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു പൊതു താൽപര്യമുണ്ടെങ്കിൽപോലും ഇനി ആരുടെയും വ്യക്തിഗത വിവരങ്ങൾ മറുപടിയായി ലഭിക്കില്ലെന്ന സ്ഥിതിയായി മാറി.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം, ഒരു നയതീരുമാനം അന്തിമമാക്കുന്നതിന് മുന്നോടിയായി നടക്കുന്ന ചർച്ചകളുടെ കുറിപ്പുകളും കരട് നിർദേശങ്ങളും പുറത്തുവിടുന്നത് ഒഴിവാക്കണം. സർവീസ് രേഖകൾ, സ്ഥലംമാറ്റം, രഹസ്യറിപ്പോർട്ടുകൾ തുടങ്ങി പൊതുജനങ്ങളെ നേരിട്ടുബാധിക്കാത്ത വിഷയങ്ങളെ വിവരാവകാശ നിയമത്തിൽനിന്നൊഴിവാക്കണം.

നയതീരുമാനങ്ങളുടെ വിശ്വാസ്യത സംരക്ഷിച്ചുനിർത്തി നിയമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം. ഇതൊരു നിർദേശംമാത്രമാണെന്നും സർവേ പറയുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഇതാവശ്യമാണെന്നും പറയുന്നുണ്ട്.

ഉത്തരവാദിത്വമുള്ള പൗരരെ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന വിവരങ്ങൾ പുറത്തുവിടാം. അതേസമയം, ഔദ്യോഗികമായ ചില സ്വകാര്യതകൾ സംരക്ഷിക്കപ്പെടണം. ഇതുരണ്ടും ഒരുമിപ്പിച്ച് പോകുമ്പോഴാണ് വിവരാവകാശനിയമത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നത്.

വിവരാവകാശനിയമം 20 വർഷം പിന്നിട്ടിട്ടും രഹസ്യാത്മകത മുഖമുദ്രയാക്കുന്നതാണു ഭരണകൂട സമീപനമെന്നു കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂൺ 30 വരെയുള്ള കണക്കിൽ രാജ്യത്തു കെട്ടിക്കിടക്കുന്നതു നാലു ലക്ഷത്തിലേറെ അപ്പീലുകളാണെന്നത് ആ ജനവിരുദ്ധ സമീപനത്തിന്റെ തെളിവാണ്. നിസ്സാര കാരണവുമായി വിവരാവകാശ അപേക്ഷ തള്ളിക്കളയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികളുമില്ല.

വിവരാവകാശനിയമം സർക്കാരിന്റെ പ്രവർത്തനങ്ങളെ പുറത്തുനിന്നു നിയന്ത്രിക്കാനുള്ള ഉപാധിയായല്ല ഉദ്ദേശിച്ചിട്ടുള്ളതെന്നുകൂടി സർവേ പറയുമ്പോൾ, സർക്കാരുകൾക്കു വേണ്ടിയാണോ ജനങ്ങൾക്കു വേണ്ടിയാണോ ഈ നിയമമെന്നാണ് സാധാരണ ജനങ്ങൾ ചോദിക്കുന്നത്.

ജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട സുതാര്യത പൂർണമായി യാഥാർഥ്യ മാകണമെങ്കിൽ സർക്കാർ വിവരാവകാശ നിയമത്തോടൊപ്പമുണ്ടായേ തീരൂ. വിവരാവകാശ കമ്മിഷൻ സംവിധാനത്തെ കേന്ദ്ര സർക്കാരിന്റെ കാൽക്കീഴിലാക്കുകയല്ല വേണ്ടത്.

ഇത്തരത്തിൽ നിർണായക പ്രാധാന്യമുള്ള വിവരാ വകാശനിയമത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാനുള്ള ശുപാർശകളാണ് ഇപ്പോൾ സാമ്പത്തിക സർവേയിലൂടെ കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നതെന്നാണ് ആശങ്ക.

Recent News

Advertisement
WhiteswanTV Footer