കോട്ടയം: ഏറ്റുമാനൂർ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഉപയോഗശൂന്യമായ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഭാഗത്ത് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വൻ തീപിടുത്തം ഉണ്ടായി. സമീപത്തെ പറമ്പിൽ നിറഞ്ഞു കിടന്ന കരിയിലകളിൽ നിന്നും പടർന്ന തീ നിമിഷങ്ങൾക്കകം ആളിപ്പടരുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ നിരവധി തേക്കിൻ പോസ്റ്റുകൾ അഗ്നിക്കിരയായി. കൂടാതെ സമീപത്തെ സർവ്വീസ് ലൈനുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കോടതി സമുച്ചയം, ജൂഡീഷ്യൽ ഓഫീസർമാരുടെ വസതികൾ, ഗവ. മോഡൽ സ്കൂൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നിരവധി അഭിഭാഷക ഓഫീസുകൾ എന്നിവ തൊട്ടടുത്തുതന്നെ സ്ഥിതി ചെയ്യുന്നതിനാൽ വലിയൊരു ദുരന്തസാധ്യതയാണ് ഒഴിവായത്. കോട്ടയത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ തന്നെ രംഗത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗതാഗത തടസ്സങ്ങൾ ഇല്ലാതിരുന്നതിനാൽ അഗ്നിശമന സേനയ്ക്ക് കൃത്യസമയത്ത് സ്ഥലത്തെത്താനും തീ നിയന്ത്രണവിധേയമാക്കാനും സാധിച്ചു.
ദശാബ്ദങ്ങൾ നീളുന്ന കാത്തിരിപ്പ്
ഏറ്റുമാനൂർ ക്ഷേത്രം, അതിരമ്പുഴ പള്ളി, എം.ജി സർവകലാശാല, റെയിൽവേ സ്റ്റേഷൻ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മെഡിക്കൽ കോളജ് തുടങ്ങി അതീവ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂരിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിരുന്നെങ്കിലും നിലവിൽ ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. വിരോധാഭാസമെന്നു പറയട്ടെ, മുമ്പ് ഫയർ സ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് ഇന്നത്തെ അഗ്നിബാധ ഉണ്ടായത്. അപകടസാധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




