തിരുവനന്തപുരം: മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകൾക്കായി 24 പുതിയ ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. ഇതിനായി 9.60 കോടി രൂപ ചെലവഴിക്കാനാണ് തീരുമാനം.
അനുവദിച്ച 24 വാഹനങ്ങളിൽ 22 എണ്ണം മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി നൽകും. ബാക്കി രണ്ട് വാഹനങ്ങൾ വി.ഐ.പികളുടെയും വിദേശ അതിഥികളുടെയും സന്ദർശനവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കം കാരണം തകരാറുകൾ സംഭവിക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവാകുന്നതും കണക്കിലെടുത്താണ് പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചുമതല വിനോദസഞ്ചാര വകുപ്പിനാണ് നൽകിയിരിക്കുന്നത്.


