ആലപ്പുഴ: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാണാവള്ളി സ്വദേശി അക്ഷയ് പ്രസാദ് (23) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് റിച്ചു ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെ തൃച്ചാറ്റുകുളത്തിന് വടക്കുവശത്തെ വളവിൽവെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇരുവരും റോഡിൽ വീണുകിടക്കുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം ഇതുവഴിയെത്തിയ കാറിലുള്ളവരാണ് അപകടം കണ്ടത്. തുടർന്ന് ഇരുവരെയും ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അക്ഷയ് പ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല.
അരൂക്കുറ്റി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
പ്രസാദിന്റെയും സജിതയുടെയും മകനാണ് അക്ഷയ്. ശ്രീലക്ഷ്മിയാണ് സഹോദരി.


