ഗുഹവാത്തി: അസമിലെ കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 16 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കസിരംഗയ്ക്ക് സമീപം റോംഗാജാനിലാണ് അപകടമുണ്ടായത്. ബൊകാഖട്ടിൽനിന്ന് നാഗോണിലേക്ക് പോകുകയായിരുന്ന മിനിബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു.
നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി. അപകടവിവരമറിഞ്ഞ് പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ചും അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല.


