കോട്ടയം: അമേരിക്കൻ ബാസ്കറ്റ്ബോൾ പരിശീലകൻ റിച്ചാർഡ് ലീ ബ്രൂക്‌സ് നയിച്ച പരിശീലന ക്യാമ്പിൽ പങ്കെടുത്ത ആവേശത്തിൽ മാന്നാനം സെന്‍റ് എഫ്രേംസ് ബാസ്കറ്റ്ബോൾ അക്കാദമിയിലെ വിദ്യാർഥികൾ. അക്കാദമിയിൽ നടക്കുന്ന എലൈറ്റ് ബാസ്‌കറ്റ്‌ബോൾ അക്കാദമി ക്യാമ്പിലാണ് വിദ്യാർഥികൾക്ക് ഈ അവസരം ലഭിച്ചത്.
2036 സമ്മർ ഒളിമ്പിക് ഗെയിംസിനായുള്ള രാജ്യത്തിന്‍റെ തയാറെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ഗ്രാസ്‌റൂട്ട്സ് ടു ഗ്രേറ്റ്‌നെസ് ടാലന്‍റ് ഐഡന്‍റിഫിക്കേഷൻ ആൻഡ് അത്‌ലറ്റ് ഡെവലപ്‌മെന്‍റ് എന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇന്ത്യയിൽ എത്തിയത്.
ബാസ്കറ്റ്ബോളിലെ അടിസ്ഥാന കാര്യങ്ങൾ, ഗെയിം ഇന്‍റലിജൻസ്, പ്രൊഫഷണൽ ലെവൽ പരിശീലന രീതികൾ, ബോൾ ഹാൻഡ്‌ലിംഗ് മാസ്റ്ററി, എലൈറ്റ് ഫുട്‌വർക്ക് ആൻഡ് അജിലിറ്റി, പ്രിസിഷൻ ഷൂട്ടിംഗ് മെക്കാനിക്സ്, കോർട്ട് വിഷൻ ഐക്യു, ഫിനിഷിംഗ് ടെക്നിക്കുകൾ തുടങ്ങിയവ ഉൾപ്പെടുത്തി യുള്ള പരിശീലനമാണ് ആറു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിലൂടെ ലഭിക്കുന്നത്.
കേരള സംസ്ഥാന കളിക്കാരായ മിലൻ ജോസ് മാത്യു, ഗൗതം, ജെറിൻ, അഭിജിത്ത് എന്നിവരുൾപ്പെടെ മുപ്പത്തിരണ്ടു കളിക്കാർക്കൊപ്പം ആദ്യദിനം അദ്ദേഹം കോർട്ടിൽ ചെലവഴിച്ചു. അദ്ദേഹത്തെ സഹായിക്കാൻ ദേശീയ പരിശീലകനായ പ്രേംകുമാറുമുണ്ട്.




