കോട്ടയം: ആമ്പല്‍ പൂക്കളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച വിനോദസഞ്ചാര കേന്ദ്രമായി മാറിയ മലരിക്കലില്‍ ടൂറിസം മേളയ്ക്കു തുടക്കമായി. മേളയ്ക്കു തുടക്കംകുറിച്ച് ഇന്നലെ വൈകുന്നേരം ആറിനു തിരനോട്ടം സംഘടിപ്പിച്ചു. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജയാ സജിമോന്‍ ഉദ്ഘാടനം ചെയ്തു.
ആയിരത്തിയെണ്ണൂറ് ഏക്കര്‍ വിസ്തൃതിയുള്ള നെല്‍പ്പാടത്ത് ഒരുക്കിയിരിക്കുന്ന വൈദ്യുതി ദീപാലങ്കാരമാണ് മേളയുടെ പ്രധാന ആകര്‍ഷണം. പ്രാദേശിക വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഭക്ഷ്യമേളയും തദ്ദേശീയരുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി ജനകീയ കൂട്ടായ്മ, മലരിക്കല്‍ ടൂറിസം സൊസൈറ്റി, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്, തിരുവാര്‍പ്പ്, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്കുകള്‍, ജെ. ബ്ലോക്ക് തിരുവായ്ക്കരി പാടശേഖരസമിതികള്‍, മലരിക്കല്‍ ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തിരുവാര്‍പ്പ് എന്നിവരാണ് സംഘാടകര്‍.
ടൂറിസം കേന്ദ്രത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ മുടക്കി കാഞ്ഞിരം മലരിക്കല്‍ റോഡ് ആധുനിക നിലവാരത്തില്‍ പുനർനിര്‍മിച്ചു. കാഞ്ഞിരം റോഡ് പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നു. ടൂറിസം കേന്ദ്രത്തിന്‍റെ സാധ്യതകളെ കൂടുതല്‍ ജനകീയവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഗ്രാമീണ ടൂറിസം മേള സംഘടിപ്പിക്കുന്നതെന്ന് മീനച്ചിലാര്‍, മീനന്തറയാര്‍,കൊടൂരാര്‍ സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ പറഞ്ഞു.




