കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മെറ്റയുടെ കീഴിലുള്ള വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്ന വി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റല്‍ അനുഭവം ഉറപ്പാക്കാന്‍ സൈലന്റ് മൊബൈല്‍ വെരിഫിക്കേഷന് സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്.
നെറ്റ്വര്‍ക്ക് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആധികാരികത ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ ഒടിപി അല്ലെങ്കില്‍ പാസ്വേഡ് മാനുവലായി ടൈപ്പ് ചെയ്യാതെ തന്നെ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ പശ്ചാത്തലത്തില്‍ വെരിഫൈ ചെയ്യപ്പെടും.
വി മൊബൈല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ഉപഭോക്താക്കള്‍ വാട്സാപ്പോ മറ്റ് മെറ്റാ ആപ്പുകളോ തുറക്കുമ്പോള്‍ ടെലികോം നെറ്റ്വര്‍ക്ക് നേരിട്ട് ഈ വെരിഫിക്കേഷന് പ്രക്രിയ പൂര്‍ത്തിയാക്കുന്നു. പുതിയ അക്കൗണ്ട് രജിസ്ട്രേഷന്, ലോഗിന്‍, അക്കൗണ്ട് റിക്കവറി, സെക്യൂരിറ്റി ചെക്കുകള്‍ എന്നിവയിലെല്ലാം ഈ സുരക്ഷിത പാസ്വേഡ് രഹിത സേവനം ലഭ്യമാകും.
വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍, ഫിഷിംഗ് എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച സുരക്ഷ നല്കാന് ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മെറ്റയുമായുള്ള ഈ സഹകരണം ഉപഭോക്താക്കളുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും.
മെറ്റയുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത വെരിഫിക്കേഷന് അനുഭവം നല്‍കുന്നതിനൊപ്പം തന്നെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും തട്ടിപ്പുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുമുള്ള സൈലന്റ് മൊബൈല്‍ വെരിഫിക്കേഷന് സംവിധാനമാണ് ഇതിലൂടെ സാധ്യമാക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് സിഇഒ അഭിജിത് കിഷോര്‍ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് വെരിഫിക്കേഷന് പ്രക്രിയകള്‍ കൂടുതല്‍ ലളിതവും സുരക്ഷിതവുമാക്കുന്നതില്‍ നെറ്റ്വര്‍ക്ക് അധിഷ്ഠിത ഓഥന്റിക്കേഷന് ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് മെറ്റ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും കണ്ട്രി ഹെഡുമായ അരുണ്‍ ശ്രീനിവാസ് പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആപ്ലിക്കേഷനുകളിലേക്കും മറ്റ് പങ്കാളികളിലേക്കും തട്ടിപ്പ് തടയല്‍ സംവിധാനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ വോഡഫോണ്‍ ഐഡിയ പദ്ധതിയിടുന്നുണ്ട്.





