ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ പാർട്ടിയെ നയിക്കണമെന്നും മത്സരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കേരള ഘടകം പോളിറ്റ് ബ്യൂറോ യോഗത്തിൽ നിർദേശം മുന്നോട്ടുവച്ചു. ദില്ലിയിൽ നടക്കുന്ന പിബി യോഗം തുടരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ഘടകം യോഗത്തിൽ അവതരിപ്പിച്ചു. അതിൽ, പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്ന നിർദേശമാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
75 വയസ് കഴിഞ്ഞാൽ നേതാക്കൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറണമെന്നത് പാർട്ടിക്കുള്ളിലെ നിലവിലെ മാനദണ്ഡമാണ്. എന്നാൽ, പിണറായി വിജയന് മുമ്പ് പോളിറ്റ് ബ്യൂറോയിൽ ഇളവ് നൽകിയിരുന്നു. മുഖ്യമന്ത്രിയായ നിലയിലാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തിയതെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
പിണറായി വിജയൻ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചർച്ചകൾ നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ സജീവമായിരുന്നു. കൂടാതെ, അദ്ദേഹത്തോടൊപ്പം മന്ത്രിസഭയിൽ രണ്ടാമതായി ആരെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്ന കാര്യത്തിലും പാർട്ടിയിൽ ആലോചനകൾ നടന്നുവരികയാണ്.






