കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തെ തുടർന്ന് നടനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. ഇടത് അനുകൂല സൈബർ ഹാൻഡിലുകളാണ് സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തെത്തിയത്.
അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട സംഭവത്തെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടി യുഡിഎഫ് രംഗത്തെത്തി. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിന്റെ വിമർശനം.
ഇന്നലെയാണ് വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയത്തിൽ വ്യാപകമായ ചർച്ചകൾ ആരംഭിച്ചു.
അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ടൗൺഷിപ്പ് സന്ദർശനം സ്വകാര്യമായി തുടരണമെന്ന് അദ്ദേഹം മുൻകൂട്ടി നിർദേശിച്ചിരുന്നുവെന്നും, ചെന്നൈയിൽ നിന്ന് ടൗൺഷിപ്പ് കാണാനായി മാത്രമാണ് എത്തിയതെന്നും വിവരമുണ്ട്. മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദർശനം നടന്നതെന്നും വൃത്തങ്ങൾ പറയുന്നു.
ടൗൺഷിപ്പിലേക്ക് എത്താൻ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ലെന്നും, എന്നാൽ സിപിഎം നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതെന്നുമാണ് വിവരം.






