ന്യൂഡൽഹി: പശ്ചിമേഷ്യയിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കുമുള്ള യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഗണിച്ച് എയർ ഇന്ത്യ ഗ്രൂപ്പ് പ്രത്യേക വിമാന സർവീസുകൾ വർധിപ്പിച്ചു. ഇന്ന് (മാർച്ച് 14) എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് പശ്ചിമേഷ്യൻ മേഖലയിലേക്ക് ആകെ 80 വിമാന സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സർവീസുകൾക്കൊപ്പം പ്രത്യേക (അഡ്‌ഹോക്ക്) സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
സൗദി അറേബ്യയിലെ ജിദ്ദയും ഒമാനിലെ മസ്‌കത്തുമാണ് പ്രധാനമായി നിശ്ചിത സർവീസുകൾ തുടരുന്ന കേന്ദ്രങ്ങൾ. ജിദ്ദയിലേക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് മൊത്തം 10 വിമാന സർവീസുകൾ നടത്തും. ദില്ലിയിൽ നിന്ന് ഒരു റൗണ്ട് ട്രിപ്പും മുംബൈയിൽ നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും എയർ ഇന്ത്യ നടത്തും. കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളും ഉണ്ടായിരിക്കും.
അതേസമയം, മസ്‌കത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് എട്ട് നിശ്ചിത സർവീസുകൾ നടത്തും. ദില്ലി, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് മസ്‌കത്തിലേക്കുള്ള റൗണ്ട് ട്രിപ്പ് സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു.
ഇതിനു പുറമെ യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കുമായി 62 അധിക പ്രത്യേക സർവീസുകൾ കൂടി നടത്താനാണ് പദ്ധതിയിടുന്നത്. ബന്ധപ്പെട്ട വിമാനത്താവളങ്ങളിലെ സ്ലോട്ട് ലഭ്യതയും മറ്റ് പ്രവർത്തന സാഹചര്യങ്ങളും അനുസരിച്ചായിരിക്കും ഈ സർവീസുകൾ ക്രമീകരിക്കുക. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചതിന് ശേഷമാണ് വിമാന സർവീസുകൾ നടത്തുക.




