വടക്കഞ്ചേരി: നിർത്തിയിട്ട കാറിന് പിന്നിൽ നിൽക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. വടക്കഞ്ചേരി ദേശീയപാതയിലാണ് അപകടം നടന്നത്. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.20ഓടെയായിരുന്നു അപകടം ഉണ്ടായത്.
ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് കാർ നിർത്തിയിരുന്നു. മൊബൈൽ ഫോൺ ചാർജർ എടുക്കാൻ ഡിക്കി തുറന്നുനിന്ന സമയത്താണ് അപകടം സംഭവിച്ചത്. ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.






