ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ബഹാവൽപൂർ ആസ്ഥാനം പുനർനിർമിച്ചതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ ജയ്ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രമായ ‘മർകസ് സുബാൻ അല്ലാ’യാണ് വീണ്ടും പടുത്തുയർത്തിയതെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാൻ സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് കെട്ടിടസമുച്ചയത്തിന്റെ പുനർനിർമാണം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. പുനർനിർമാണത്തിനായി പാകിസ്ഥാൻ സർക്കാർ 25 കോടി പാകിസ്ഥാനി രൂപ അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തകർത്ത ഭീകരവാദ കേന്ദ്രം പാക് സർക്കാരിന്റെ അറിവോടെയും സാമ്പത്തിക പിന്തുണയോടെയും വീണ്ടും പ്രവർത്തനസജ്ജമാക്കിയെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്. സംഭവം പാകിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടുകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.


