ന്യൂഡൽഹി: ടിക്കറ്റ് റദ്ദാക്കൽ, ബുക്കിംഗ്, യാത്രാ സൗകര്യങ്ങൾ എന്നിവയിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരെ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു.
പുതിയ നിബന്ധനകൾ പ്രകാരം, യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂർ മുൻപ് റദ്ദാക്കുന്നവർക്ക് 25 ശതമാനം ചാർജ് ഈടാക്കും.
യാത്രയ്ക്ക് 8 മണിക്കൂർ മുൻപ് വരെ റദ്ദാക്കുകയാണെങ്കിൽ 50 ശതമാനം വരെ ചാർജ് നൽകണം. എന്നാൽ 8 മണിക്കൂറിനകം റദ്ദാക്കിയാൽ യാതൊരു റീഫണ്ടും ലഭിക്കില്ല. റീഫണ്ട് തുക നൽകുന്ന നടപടികളും ലളിതമാക്കിയിട്ടുണ്ട്.
യാത്രാ സൗകര്യങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനി ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും. ഇതുവരെ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്.
അതുപോലെ, ബോർഡിംഗ് പോയിന്റ് മാറ്റുന്നതിനും കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇനി യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഏതെങ്കിലും സമീപ സ്റ്റേഷനിലേക്ക് ബോർഡിംഗ് പോയിന്റ് മാറ്റാം. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ യാത്രക്കാർക്ക് ഇത് വലിയ ഗുണകരമാകും.
ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ദുർവിനിയോഗം തടയുന്നതിനായി ആൻറി-ബോട്ട് സംവിധാനം നടപ്പിലാക്കിയതായും റെയിൽവേ അറിയിച്ചു. സംശയാസ്പദമായ ഏകദേശം 3 കോടി ഐഡികൾ ഇതിനകം റദ്ദാക്കിയതായും അധികൃതർ വ്യക്തമാക്കി.






