കൊൽക്കത്ത: ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് താത്കാലിക ആശ്വാസം. അദ്ദേഹത്തിന്റെ എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കിയ നടപടി അടിയന്തരമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
സൗത്ത് 24 പർഗാന ജില്ലയിലെ അംതാലയിലെ ഓഫീസ് അനധികൃത നിർമാണമാണെന്നാരോപിച്ച് ശനിയാഴ്ച പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കൽ ആരംഭിച്ചിരുന്നു.
ഹർജി വീണ്ടും പരിഗണിക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്ന് എല്ലാ കക്ഷികൾക്കും കോടതി നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിഗണനയ്ക്കുള്ള റെഗുലർ ബെഞ്ചിന് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
പൊളിച്ചുനീക്കൽ നടപടിക്കെതിരെ അടിയന്തര ഇടപെടൽ തേടി അഭിഷേക് ബാനർജിയുടെ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. ഞായറാഴ്ച കോടതി അവധിയായതിനാൽ പ്രത്യേക സിറ്റിങ്ങിലൂടെയാണ് ഹർജി പരിഗണിച്ചത്.


