കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ യു.എ.പി.എ ചുമത്തി. കേസിന്റെ അന്വേഷണം വൈകാതെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. നിലവിൽ നാല് കേസുകളിലാണ് എബിൻ പോളിനെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്. മൂന്ന് സ്ഥലങ്ങളിൽ പ്രതി ആക്രമണം നടത്തിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കൊച്ചി മാർക്കറ്റിലെ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിലാണ് എബിൻ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തത്. നേരത്തെ തീവ്രവാദ ബന്ധം സംബന്ധിച്ച സൂചനകളെ തുടർന്ന് എൻ.ഐ.എ സംഘം എബിൻ പോളിനെ ചോദ്യം ചെയ്തിരുന്നു.
സിനഗോഗ് ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ എബിൻ പോൾ ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൂവാറ്റുപുഴ മേക്കപ്പാടത്തെ ആളൊഴിഞ്ഞ കെട്ടിടമാണ് പ്രതി ആദ്യം ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ വാതിലിന് തീയിടുകയായിരുന്നു. ‘ബോസ്’ എന്നയാളുടെ നിർദേശപ്രകാരമാണ് തീയിട്ടതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പിനും വിധേയനാക്കി. ആക്രമണം ഏതെങ്കിലും തരത്തിലുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മൂവാറ്റുപുഴയിലെ ഉപയോഗിച്ച കാറുകളുടെ ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രതിക്ക് പണം ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോലഞ്ചേരി സ്വദേശിയായ എബിൻ പോളിന് ആക്രമണത്തിനുള്ള മുൻകൂറായി ഏകദേശം 5,000 രൂപ ക്രിപ്റ്റോകറൻസിയായി ലഭിച്ചെന്നാണ് വിവരം. ടെലഗ്രാം വഴിയായിരുന്നു ആശയവിനിമയം. സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിനും പ്രതിക്ക് പണം ലഭിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഉത്തരേന്ത്യൻ സ്വദേശിയായ വിക്രമാണ് തനിക്ക് നിർദേശങ്ങൾ നൽകിയതെന്ന് എബിൻ പോൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ, വിക്രം തന്നെയാണോ ആക്രമണങ്ങൾക്ക് പിന്നിലെ ‘ബോസ്’ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എബിൻ അംഗമായിരുന്ന ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിൽ വിക്രം എന്നയാളും അംഗമാണെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ആക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയും നിർദേശങ്ങൾ നൽകിയവരുടെ പങ്കും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.




