കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേളയിലൂടെ ശ്രദ്ധ നേടിയ യുവതി വീണ്ടും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി. യുവതിയെയും ഭർത്താവിനെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് സംരക്ഷണം വീണ്ടും ആവശ്യപ്പെട്ടത്.
തന്റെ പാസ്‌പോർട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. യുവതിയും ഭർത്താവും നൽകിയ വിലാസത്തിലും ഫോൺ നമ്പറിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും, ഇത് യുവതിയുടെ പതിവ് രീതിയാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.
തുടർന്ന്, യുവതി ആവശ്യപ്പെട്ടാൽ മാത്രം പൊലീസ് സംരക്ഷണം നൽകണമെന്നാണ് കോടതി നിർദേശിച്ചത്.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജിയിലായിരുന്നു എറണാകുളം സെൻട്രൽ പൊലീസിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നത്.
അതേസമയം, മധ്യപ്രദേശ് പൊലീസിൽ യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. യുവതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് കുടുംബത്തിന്റെ വാദം.


