ന്യൂഡൽഹി: വെറും 67 രൂപയുടെ ടിക്കറ്റ് തർക്കത്തിൽ കണ്ടക്ടർക്കെതിരെ 32 വർഷം നിയമപോരാട്ടം നടത്തിയ ദില്ലി ട്രാൻസ്പോർട്ട് കോർപറേഷന് കനത്ത തിരിച്ചടി. 17 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട കണ്ടക്ടറുടെ കേസിൽ നിയമനടപടികൾ അനാവശ്യമായി നീട്ടിയതിന് ദില്ലി ഹൈക്കോടതി ഡിടിസിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
നിസാരമായ വിഷയത്തിൽ പൊതുപണം വൻതോതിൽ ചെലവഴിച്ച് കേസ് നീട്ടിക്കൊണ്ടുപോയത് നിയമസംവിധാനത്തോടുള്ള അനാദരവും പൊതുപണം പാഴാക്കുന്നതുമാണെന്ന് ജസ്റ്റിസ് അമിത് മഹാജൻ വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പിഴത്തുക ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.
1994 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്ന് 67 രൂപ ഈടാക്കിയെങ്കിലും ടിക്കറ്റ് നൽകിയില്ലെന്നായിരുന്നു കണ്ടക്ടർക്കെതിരായ ആരോപണം. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടക്ടർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയെങ്കിലും ഡിടിസി അധികൃതർ അത് അംഗീകരിച്ചില്ല. 1996 ഓഗസ്റ്റിൽ കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീട് സമർപ്പിച്ച അപ്പീലിൽ 1998ൽ ഡിടിസി ചെയർമാൻ തിരിച്ചെടുക്കാൻ ഉത്തരവിട്ടെങ്കിലും ശമ്പള സ്കെയിൽ വെട്ടിക്കുറയ്ക്കുകയും ജോലിയിൽ നിന്ന് വിട്ടുനിന്ന കാലയളവിലെ കുടിശിക നിഷേധിക്കുകയും ചെയ്തു.
തുടർന്ന് കണ്ടക്ടർ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിനെ സമീപിച്ചു. 2004ൽ ശിക്ഷാനടപടി നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ വിധിക്കുകയും മുൻകാല പ്രാബല്യത്തോടെ മുഴുവൻ വേതനത്തിനും ആനുകൂല്യങ്ങൾക്കും കണ്ടക്ടർക്ക് അർഹതയുണ്ടെന്ന് ഉത്തരവിടുകയും ചെയ്തു.
ട്രൈബ്യൂണൽ ഉത്തരവിനെതിരെ 2005ൽ ഡിടിസി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ ഹൈക്കോടതി ഹർജി തള്ളുകയും ട്രൈബ്യൂണലിന്റെ വിധി ശരിവയ്ക്കുകയും ചെയ്തു.
കോടതി ചുമത്തിയ ഒരു ലക്ഷം രൂപ പിഴയിൽ 25,000 രൂപ വീതം കണ്ടക്ടർക്കും ദില്ലി ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിക്കും നൽകണം. ബാക്കി 50,000 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.


