ന്യൂഡൽഹി: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 30 പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. മാർച്ച് 29 മുതൽ ഏപ്രിൽ 30 വരെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ നവി മുംബൈയിൽ നിന്ന് പ്രതിവാരം 400ലധികം സർവീസുകൾ നടത്താനാണ് ലക്ഷ്യം. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഇത് കൂടുതൽ സൗകര്യമാകും. കണ്ണൂരിലേക്കുള്ള നേരിട്ടുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
അഗ്ര, അയോധ്യ, ബാഗ്ഡോഗ്ര, ബെലഗവി, കൊൽക്കത്ത, പട്ന, രാജ്കോട്ട്, ശ്രീനഗർ, വാരണാസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും നവി മുംബൈയിൽ നിന്ന് സർവീസുകൾ ലഭ്യമാകും. ഭാവ്നഗറിൽ നിന്ന് നവി മുംബൈയിലേക്ക് ദിവസേന രണ്ട് നേരിട്ടുള്ള സർവീസുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 23 മുതൽ ജാംനഗറിലേക്കും സർവീസുകൾ തുടങ്ങും. ഇതോടെ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ഭാവ്നഗർ, ജാംനഗർ തുടങ്ങിയ നഗരങ്ങളിലേക്കായി 1400ലധികം സർവീസുകൾ ഇൻഡിഗോ നടത്തുമെന്ന് കമ്പനി വ്യക്തമാക്കി.




