കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിലായി. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ സ്വദേശി ഫിറോസ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൂത്താളിയിൽനിന്ന് പിടിയിലായ അനസിന്റെയും എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മലിന്റെയും അടുത്ത കൂട്ടാളിയാണ് ഫിറോസ്.
മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനാണ് ഫിറോസെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്നും അധ്യാപികമാരെ കേസിൽ ഉൾപ്പെടുത്തിയതിനു പിന്നിലും ഫിറോസാണെന്നും പോലീസ് പറയുന്നു. കേസിലെ പ്രധാന പ്രതിയായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി ഇടപാടുകൾ നടത്തിയിരുന്നതും ഫിറോസാണ്. നേരത്തെ മൊടക്കല്ലൂരിലെ ലോഡ്ജിൽ യുവതിക്കൊപ്പം എംഡിഎംഎയുമായി ഇയാളെ എക്സൈസ് സംഘം പിടികൂടിയിരുന്നു.
അന്ന് ജയിലിലായ ഫിറോസ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരിയിടപാടുകൾ നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡിൽ ഫിറോസ് എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സംഘം ഇയാളെ പിടികൂടി.
പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ കെ.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ വടകര പോലീസിന് കൈമാറി.



