ആലപ്പുഴ: പാറ കയറ്റി വന്ന ടിപ്പർ ലോറിയിൽനിന്ന് കൂറ്റൻ പാറ റോഡിലേക്ക് വീണ് ഇരുചക്ര വാഹന യാത്രികന് പരിക്കേറ്റു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മരങ്ങാട്ട് അനന്തു മുരളി (28) ആണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചേർത്തല–തണ്ണീർമുക്കം റോഡിലായിരുന്നു അപകടം. കൈയ്ക്ക് സാരമായി പരിക്കേറ്റ അനന്തുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നാണ് റോഡിൽനിന്ന് പാറ നീക്കിയത്. ഇവർ അനന്തുവിന് പ്രാഥമിക ശുശ്രൂഷയും നൽകി. അപകടത്തിൽ ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. റോഡിൽ തിരക്ക് കുറവായിരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി.
ചേർത്തല–തണ്ണീർമുക്കം റോഡിലൂടെ കരിങ്കല്ലും ഗ്രാവലും കയറ്റിയ ടിപ്പർ ലോറികൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചെറിയ കല്ലുകൾ റോഡിലേക്ക് വീഴുന്നതും ഗ്രാവൽ തെറിച്ച് ഇരുചക്ര വാഹന യാത്രികരുടെ കണ്ണിൽ പതിക്കുന്നതും പതിവ് സംഭവങ്ങളാണെന്നും ഇവർ ആരോപിക്കുന്നു. ഇതിനെതിരെ ലോറി ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.


