ശരിയായ ജീവിതശൈലിയിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും വേനല്‍ച്ചൂടിനെ ഒരു പരിധിവരെ പ്രതിരോധിക്കാം. പ്രായമായവരില്‍ ദാഹം കുറയുന്നതുമൂലം ശരീരത്തില്‍ കൃത്യമായി ജലാംശം എത്താതിരിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകാം.
ധാരാളം വെള്ളം കുടിക്കണം. ഇളനീര്‍, സംഭാരം തുടങ്ങിയവയും കുടിക്കാം. മദ്യം, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കാം
ശരീരം തണുപ്പിക്കാന്‍ കുളി പ്രധാനമാണ്. രണ്ട് നേരം കുളിക്കുക. നാല്‍പാമരാദി വെളിച്ചെണ്ണ, ഏലാദി കേരതൈലം, ശുദ്ധമായ വെളിച്ചെണ്ണ ഇവയില്‍ ഏതെങ്കിലും തേച്ച് കുളിക്കുന്നത് ചര്‍മരോഗങ്ങള്‍ അകറ്റാനും സൗന്ദര്യം വര്‍ധിപ്പിക്കാനും അമിതമായ കരുവാളിപ്പ് ഒഴിവാക്കാനും സഹായിക്കും. എണ്ണ കളയാന്‍ കടലമാവോ, വീര്യം കുറഞ്ഞ സോപ്പോ ഉപയോഗിക്കാം.
കുളിക്കുന്ന വെള്ളത്തില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ക്കുന്നത് ശരീരത്തിന് ഉന്മേഷം കൂട്ടാന്‍ സഹായിക്കുന്നു. അല്‍പം റോസ് വാട്ടര്‍ പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടുന്നത് തിളക്കം കിട്ടുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കും.
എന്ത് കഴിക്കണം എന്നതും പ്രധാനമാണ്. മിതവും ലഘുവുമായ ആഹാരമാണ് ഉത്തമം.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക. എരിവും പുളിയും പരമാവധി കുറയ്ക്കുക.
ജലാംശം അധികമുള്ള പച്ചക്കറികള്‍ ഉപയോഗിക്കുക. സൂപ്പ്, വേവിച്ച പച്ചക്കറികള്‍, കഞ്ഞി തുടങ്ങിയവയും നല്ലതാണ്. തണ്ണിമത്തന്‍, വെള്ളരി, പഴങ്ങള്‍ എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുക.




