ടെഹ്റാൻ: ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ യുഎസും ഇസ്രയേലും നടത്തിയതായി ആരോപിക്കുന്ന വ്യോമാക്രമണത്തിൽ മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഇന്നെലെയായിരുന്നു സംഭവം നടന്നത്. ഇന്ത്യയിൽ നിന്ന് മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും എത്തിക്കാനായി ഈ ആഴ്ച ഡൽഹിയിലേക്ക് പറക്കാനിരുന്ന വിമാനമാണിതെന്ന് ഇറാൻ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഈ യാത്ര തടസപ്പെട്ടു.
മെഡിക്കൽ സാധനങ്ങളും സഹായങ്ങളും എത്തിക്കുന്നതിനുള്ള വിമാനത്തെ ആക്രമിച്ചത് യുദ്ധക്കുറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ സിവിൽ ഏവിയേഷൻ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഈ സംഭവത്തിൽ യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേടുപാട് സംഭവിച്ച വിമാനം ഏപ്രിൽ ഒന്നിന് ഡൽഹിയിലേക്ക് പോകാനിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിനുമുമ്പ് മാർച്ച് 18ന് ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഇന്ത്യ ഇറാനിലേക്ക് മെഡിക്കൽ സഹായം അയച്ചിരുന്നു. ഈ സഹായത്തിന് ഡൽഹിയിലെ ഇറാനിയൻ എംബസി നന്ദി അറിയിച്ചിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയർ പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.




