മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് സോഷ്യൽ മീഡിയയിലൂടെ നയൻതാരയെ സ്വാഗതം ചെയ്തത്. “ഏത് വേഷവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന നയൻതാര ഈ ചിത്രത്തിന്റെ ഭാഗമാകുന്നത് ഏറെ സന്തോഷകരമാണ്” എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
തിങ്കളാഴ്ചയാണ് സൽമാൻ ഖാൻ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സംവിധായകൻ വംശി പൈഡിപ്പള്ളിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് “ദിൽ, ദിമാഗ്, ജിഗർ സെ ഏപ്രിൽ മുതൽ” എന്ന് താരം കുറിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ഇത്.




