ഉൾക്കൊള്ളലിന്റെ രാഷ്ട്രിയത്തെ ചേർത്തുപിടിക്കുന്ന കാലത്തിലൂടെയാണ് ലോകം സഞ്ചരിക്കുന്നത്. എന്നാൽ അതിനൊപ്പം സഞ്ചരിക്കാൻ യൂറോപ്പിലെ ഗ്യാലറികള്‍ ഇന്നും തയാറായിട്ടില്ല. ഫുട്ബോൾ മൈതാനങ്ങൾ വെറുമൊരു കായിക വേദി മാത്രമല്ല, മറിച്ചു കാൽപന്ത് കളിയോടൊപ്പം രാഷ്ട്രീയ പോരാട്ടങ്ങൾക്കും വേദിയാകുന്ന ഇടങ്ങളാണ്. ആരാധകർക്കിടയിൽ സൗഹൃദ സംഭാഷണങ്ങല്ല, വംശീയതയുടെ ഹീനമായ മുഖങ്ങളാണ്.
വംശീയതയും ഇസ്ലാമോഫോബിയയും ഇപ്പോഴും മുഴങ്ങുകയാണ് സ്പാനിഷ് ഗാലറികളിൽ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയായിരുന്നു ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായുള്ള സ്പെയിനും ഈജിപ്തും തമ്മില്‍ ബുധനാഴ്ച നടന്ന സൗഹൃദ മത്സരം. വേദിയായത് ലാ ലിഗ ക്ലബ്ബായ എസ്പാന്യോളിന്റെ ഹോം ഗ്രൗണ്ട്. മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഈജിപ്തിന്റെ ദേശീയഗാനം മൈതാനത്ത് മുഴങ്ങിയപ്പോൾ തന്ന സ്പെയിൻ ആരാധകരുടെ അസഹിഷ്ണുത പ്രകടമായി തുടങ്ങിയിരുന്നു. ഈജിപ്തിന്റെ ദേശീയഗാനത്തിന് യാതൊരുവിധ ബഹുമാനവും നല്കാൻ തയാറാകാതെ ശബ്ദങ്ങൾ ഉയർത്തി. ചാന്റുകളുടെ രൂപത്തിലായിരുന്നു മുസ്ലിം വിരുദ്ധത ബാഴ്സലോണയിലെ ഗ്യാലറികളില്‍ നിന്ന് ഉയര്‍ന്നത്.
സ്വന്തം ആരാധകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് എഴുതേണ്ടി വന്നു സ്പാനിഷ് സൂപ്പര്‍ താരം ലമീൻ യമാലിന്. എതിരാളികളെ പരിഹസിക്കുന്നതിനായി അവരുടെ മതവും നിറവും വംശവുമൊക്കെ സ്പാനിഷ് ആരാധകരിലെ ഒരു വിഭാഗം ഉയർത്തി. ക്യാമ്പയിനുകളിലൂടേയും പുരോഗമന പ്രതികരണങ്ങളിലൂടെയുമൊക്കെ എത്രത്തോളം മറച്ച് വെക്കാൻ ശ്രമിച്ചാലും ജാതിയും മതവും നിറവുമെല്ലാം നിറഞ്ഞ അധിക്ഷേപങ്ങളും വിവേചനങ്ങളും യാഥാര്‍ത്ഥ്യമായി മായാതെ ഗ്യാലറികളില്‍ നിലനില്‍ക്കുന്നുണ്ട്.
സ്റ്റേഡിയത്തിനുള്ളില്‍ വലിയ സ്ക്രീനില്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. മൈക്കിലൂടെ അനൗണ്‍സ് ചെയ്തിട്ടും പിന്മാറാൻ ആരാധകര്‍ തയാറായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും ചാന്റുകള്‍ നിലയ്ക്കാതെ മുഴങ്ങി. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ആളുകൾ ഇന്നുമുണ്ട്.നിറത്തിന്റേയും മതത്തിന്റേയും പേരില്‍ വലിയൊരു വിഭാഗം ഇന്നും ഗ്യാലറികളിൽ അധിക്ഷേപിക്കപെടുന്നുണ്ട്. എന്നെങ്കിലും റെഡ് കാർഡ് കാണുമോ ഈ ഗ്യാലറികൾ.















