ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കാൻ രഹസ്യ സമാധാനചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കടുത്ത നിലപാടുമായി ഇറാൻ. താത്കാലിക വെടിനിർത്തലിന് മാത്രം തയ്യാറാകില്ലെന്നും ദീർഘകാല സമാധാനം ഉറപ്പാക്കുന്ന കരാറുകൾക്കാണ് മുൻഗണനയെന്നും ഇറാൻ വ്യക്തമാക്കി.
മുൻകാല സമാധാന കരാറുകൾ പരാജയപ്പെട്ട അനുഭവങ്ങൾ പരിഗണിച്ച് “യുദ്ധം–വെടിനിർത്തൽ–ചർച്ച–വീണ്ടും യുദ്ധം” എന്ന ചക്രം ആവർത്തിക്കാൻ താൽപ്പര്യമില്ലെന്നതാണ് ഇറാന്റെ നിലപാട്. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് നയതന്ത്ര ചർച്ചകൾക്ക് പ്രാധാന്യമുള്ളതെന്ന് ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുപോലുള്ള നിർണായക വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറല്ലെന്നത് ചർച്ചകളിൽ പ്രധാന തടസ്സമായി തുടരുന്നു. പാകിസ്താൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം പരിഗണനയിലുണ്ടെങ്കിലും, സമ്മർദ്ദങ്ങൾക്ക് വഴങ്ങി അടിയന്തര തീരുമാനം എടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
ഇസ്രയേലും അമേരിക്കയും സൈനിക നീക്കങ്ങൾ തുടരുന്നത് പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്നും, ആഗോള ഊർജ്ജ വിപണിയിലും ഇതിന്റെ ആഘാതം പ്രകടമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദീർഘകാല സമാധാനം ഉറപ്പാക്കാത്ത ഹ്രസ്വകാല കരാറുകളോട് ഇറാൻ ജാഗ്രത പാലിക്കുന്നതായും ഫതാലി വ്യക്തമാക്കി.
ചർച്ചകളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ രാജ്യത്തിന്റെ ഉന്നത നയപരമായ സംവിധാനങ്ങളുടെ നിർദേശപ്രകാരമായിരിക്കും എടുക്കുകയെന്നും ഇറാൻ അറിയിച്ചു. അതേസമയം, ചർച്ചകൾക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം ഊർജ്ജ, ഗതാഗത മേഖലകളിൽ കൂടുതൽ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.




