ന്യൂയോർക്ക്: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പത്ത് ഇന്ത്യൻ പൗരന്മാർ വ്യാജ കവർച്ചകൾ ആസൂത്രണം ചെയ്ത് യു-വിസ തട്ടിപ്പിന് ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറിയാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
കടകളിൽ ആയുധധാരികളായ കവർച്ചക്കാരെ എത്തിച്ച് ആക്രമണം നടന്നു എന്ന് അഭിനയിപ്പിച്ച്, തങ്ങൾ ഇരകളാണെന്ന് കാണിച്ച് യു-വിസ നേടാനായിരുന്നു ശ്രമമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് യുഎസിൽ താമസാനുമതി നൽകുന്ന പ്രത്യേക വിസയാണ് യു-വിസ.
പണം നൽകി വാടകയ്ക്ക് എടുത്ത ഒരാളെ ഉപയോഗിച്ച് കടകളിൽ തോക്കുമായി കവർച്ചാ ഭീഷണി സൃഷ്ടിക്കുന്നതും, സംഭവങ്ങൾ സി.സി.ടി.വിയിൽ പതിയുന്ന വിധത്തിൽ ആസൂത്രണം ചെയ്തതുമാണ് പ്രതികളുടെ രീതി. തുടർന്ന് അഞ്ച് മിനിറ്റ് കഴിഞ്ഞ് മാത്രമാണ് പൊലീസിനെ വിവരം അറിയിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഈ സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി ഉപയോഗിച്ച് യു-വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ജിതേന്ദ്രകുമാർ പട്ടേൽ (39), മഹേഷ് കുമാർ പട്ടേൽ (36), സഞ്ജയ് കുമാർ പട്ടേൽ (45), ദീപികാബെൻ പട്ടേൽ (40) (ഇവരെ ഇതിനോടകം ഇന്ത്യയിലേക്ക് നാടുകടത്തിയിട്ടുണ്ട്), രമേഷ് ഭായ് പട്ടേൽ (52), അമിതാബെൻ പട്ടേൽ (43), റോണക് കുമാർ പട്ടേൽ (28), സംഗീതാബെൻ പട്ടേൽ (36), മിങ്കേഷ് പട്ടേൽ (42), സോണൽ പട്ടേൽ (42) എന്നിവരാണ് കേസിലെ പ്രതികൾ.
വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയ കുറ്റത്തിന് അഞ്ച് വർഷം വരെ തടവും 2.5 ലക്ഷം ഡോളർ (ഏകദേശം രണ്ട് കോടിയിലധികം രൂപ) വരെ പിഴയും ലഭിക്കാമെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി.






