തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിധിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് എസ്എഫ്‌ഐ. കോളേജ് അധികൃതരുടെയും വിദ്യാര്‍ഥികളുടെയും ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാതി വിവേചനവും അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ ആരോപണം ഏറെ ഗൗരവമുള്ളതാണ്. ക്യാമ്പസുകളില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ജാതി വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമേതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം. നിധിന്‍ രാജിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ക്യാമ്പസുകളില്‍ ജാതി വിവേചനത്തിനും അതിക്ഷേപങ്ങള്‍ക്കുമേതിരെ പ്രതിഷേധം ഉയര്‍ത്തുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പറഞ്ഞു.
ക്ലാസ്റൂമിലും സ്റ്റാഫ്‌റൂമിലും അധ്യാപകര്‍ നടത്തുന്ന കൂട്ട അധിക്ഷേപങ്ങളെ കുറിച്ച് നിതിന്‍ സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശം അടക്കം അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണം. തന്റെ മകനെ പുഴുത്ത പട്ടി എന്നുപോലും വിളിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ക്യാമ്പസുകള്‍ വിദ്യാര്‍ഥികള്‍ക്ക് തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും പഠനം സാധ്യമാക്കേണ്ട ഇടങ്ങളാണ്. അവിടെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് സ്ഥാനമില്ല എന്നും പ്രസ്താവനയില്‍ പറയുന്നു.




