ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തെ അവഗണിച്ച് ചൈനീസ് എണ്ണക്കപ്പൽ കടന്നതോടെ മേഖലയിലെ സംഘർഷം കൂടുതൽ കടുത്തു. ‘റിച്ച് സ്റ്റാറി’ എന്ന ചൈനീസ് ടാങ്കറാണ് അമേരിക്കയുടെ മുന്നറിയിപ്പുകൾ മറികടന്ന് കടലിടുക്ക് വഴി സഞ്ചരിച്ചത്.
ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾ തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും, ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനൊപ്പമാണ് ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന വിന്യസിച്ചതും.
എന്നാൽ, ഉപരോധം നിലവിൽ വന്നതിന് ശേഷവും ‘റിച്ച് സ്റ്റാറി’ കടന്നുപോയത് ശ്രദ്ധേയമാണ്. ഗൾഫ് മേഖലയിൽ നിന്ന് പുറപ്പെടുന്ന ആദ്യ ടാങ്കറാണിത് എന്ന് കപ്പൽഗതാഗത വിവരങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം 2.5 ലക്ഷം ബാരൽ മെഥനോൾ കയറ്റിയാണ് കപ്പൽ സഞ്ചരിക്കുന്നത്.
ഇതിനിടെ, ‘മുരളി കിഷൻ’ എന്ന മറ്റൊരു ടാങ്കറും ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ, ഇറാനിയൻ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട കപ്പലാണിതെന്നും സൂചനയുണ്ട്.
ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ കപ്പലുകളുടെ സഞ്ചാരം തടസ്സപ്പെടുത്തരുതെന്ന് ചൈന മുമ്പേ അമേരിക്കയെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനുമായി ഉള്ള ഊർജ്ജ-വ്യാപാര കരാറുകൾ തുടരുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുടെ എണ്ണ ഇറക്കുമതിയുടെയും എൽ.എൻ.ജി ആവശ്യത്തിന്റെയും വലിയൊരു പങ്ക് ഈ കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതിനാൽ, മേഖലയിലെ അമേരിക്കൻ നീക്കങ്ങൾ ചൈനയുടെ സാമ്പത്തിക സുരക്ഷയെയും നേരിട്ട് ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.




