തൃശ്ശൂർ: സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്ക് മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിലെ പൂക്കാട്ട് അശ്വിൻ (23), കണ്ടശ്ശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം.
മാങ്ങാട്ടുകര സബ് റോഡിന് സമീപം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചു. സൈക്കിൾ യാത്രക്കാരന് നിസ്സാര പരിക്കേറ്റു.
വിഷു ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഔഷധശാലയിലെ ജീവനക്കാരനാണ്. പിതാവ് രാജൻ, മാതാവ് ഉഷ. സഹോദരങ്ങൾ അരുൺ, അഷിൻ.
വിഷ്ണുവിന്റെ പിതാവ് ഷാജു, മാതാവ് നിഷ. ജിഷ്ണു ഇരട്ടസഹോദരനാണ്.
ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകുന്നേരം സംസ്കരിക്കും.




