തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധിപ്പിച്ച തീരുമാനം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണ ജനങ്ങളുടെ മേൽ വിലക്കയറ്റ ഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് തന്നെ ഉയർന്ന പണപ്പെരുപ്പം നേരിടുന്ന കേരളത്തിൽ പാലിന്റെ വില വീണ്ടും വർധിപ്പിക്കുന്നത് കുടുംബ ബജറ്റിനെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കേണ്ടതുണ്ടെങ്കിലും അതിന്റെ മുഴുവൻ ഭാരം ഉപഭോക്താക്കളുടെ മേൽ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മുൻ എൽഡിഎഫ് സർക്കാരും ഇതേ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വിലവർധന പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിയമസഭയ്ക്കകത്തും പുറത്തും വിഷയം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉത്പാദനച്ചെലവ് കുറച്ച് കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മലയാളികൾക്ക് ഇപ്പോൾ കൂടുതൽ വിലക്കയറ്റമല്ല, ആശ്വാസ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.






