അഹമ്മദാബാദ്: വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗുജറാത്തിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ പിടിയിലായി. ഗുജറാത്ത് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ അശ്വിൻ ബി. ചൗധരിയെയാണ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന്റെ വാഹനം പരിശോധിച്ചപ്പോൾ 5.51 ലക്ഷം രൂപ പണം കണ്ടെത്തി. ഇതിന് പിന്നാലെ ഗാന്ധിനഗറിലെ സർക്കാർ ക്വാർട്ടേഴ്സിലും സൂറത്തിലെ വസതിയിലും വിജിലൻസ് സംഘം പരിശോധന നടത്തി.
പരിശോധനയിൽ 2.64 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തി. ഇതിൽ 1.76 കോടി രൂപ പണമായും 88.82 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങളുമുണ്ട്. സൗരോർജ്ജ പദ്ധതികൾക്ക് ആവശ്യമായ അനുമതി പത്രങ്ങൾ ചട്ടങ്ങൾ പാലിക്കാതെ വേഗത്തിൽ അനുവദിച്ചുവെന്ന ആരോപണവും ഉദ്യോഗസ്ഥനെതിരെ ഉയർന്നിട്ടുണ്ട്. പദ്ധതി സ്ഥലങ്ങൾ നേരിട്ട് പരിശോധിക്കാതെ തന്നെ അദ്ദേഹം അനുമതികൾ നൽകിയതായാണ് കണ്ടെത്തൽ. അടുത്തിടെ ഇത്തരത്തിൽ ഏകദേശം 100 സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രതിമാസം 1.7 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന അശ്വിൻ ബി. ചൗധരിക്ക് സർവീസിൽ നിന്ന് വിരമിക്കാൻ എട്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. കേസെടുത്ത വിജിലൻസ് സംഘം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്. കൂടാതെ അദ്ദേഹം ഒപ്പുവെച്ച ഫയലുകളും അതിവേഗം അനുമതി നേടിയ പദ്ധതികളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






