കഴിഞ്ഞ ഇടത് സർക്കാരിന്റെ വീഴ്ച്ചയ്ക്ക് വരെ ഒരു കാരണമായെന്ന് പ്രവർത്തകരടക്കം വിശ്വസിക്കുന്ന ഒരു സംഭവമാണ് വെള്ളാപ്പള്ളി നടേശനുമായുള്ള പിണറായി വിജയന്റെ കൂട്ട്. അദ്ദേഹത്തെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയതടക്കം രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി വിഷയത്തിൽ പിണറായി നേരിട്ടത്. അന്ന് ഇതിനെ പിണറായിയും സാമുദായിക ശക്തികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന തരത്തിലടക്കം ഉയർത്തിക്കാണിച്ച് വിമർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവായ വിഡി സതീശൻ ഇന്ന് മുഖ്യമന്ത്രിയായപ്പോൾ ഇതെല്ലാം മറന്നോ? കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയും മുഖ്യമന്ത്രി സതീശനും തോളോട് തോൾ ചേർന്നിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്നതൊന്നും ആരും അങ്ങനെ മറന്നുകാണില്ല, പ്രത്യേകിച്ച് മുഖ്യമന്ത്രി സതീശൻ. പ്രചാരണ കാലത്ത് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശൻ അതരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും സതീശനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. വിഡി സതീശൻ മുഖ്യമന്ത്രി ആയാൽ എസ്എൻഡിപിയെ ഒരു ചുക്കും ചെയ്യില്ലെന്നും ലീഗിൻ്റെ സ്പോൺസറാണ് വി ഡി സതീശനെന്നുമെല്ലാമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകൾ. വി ഡി സതീശനെ സ്പോൺസർ ചെയ്‌തിരിക്കുന്നത് ലീഗാണ്. ലീഗ് ചാടി കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാൽ ചാടി കളിക്കാൻ സതീശൻ ബാധ്യസ്ഥനാണ് എന്നെല്ലാം പറഞ്ഞയാളുടെ മകനെ കണ്ടത് അത്ര നിസാരമല്ല എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. പത്ത് വർഷം സ്വീകരിച്ച സമീപനം ഭരണം കിട്ടുമ്പോൾ മാറുന്നത് ശരിയല്ലെന്ന് തന്നെയാണ് ഇവർ വിശ്വസിക്കുന്നത്.
വി ഡി സതീശന്റെ ജന്മദിനമായ ഞായറാഴ്ചയായിരുന്നു തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയത്. സൗഹൃദത്തിന്റെ ഭാഗമായാണ് സതീശനെ കണ്ടതെന്നും വ്യക്തിപരമായ സന്ദർശനമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഒപ്പം, വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുമായി ഉടൻ ഒരു കൂടിക്കാഴ്ച്ച നടക്കുമെന്നും പറഞ്ഞുവെക്കുന്നുണ്ട്. ഇതോടെ കോൺഗ്രസ് തന്നെ രണ്ട് തട്ടിലായി.
കടുത്ത വിമർശനമാണ് കോൺഗ്രസ് വക്താവ് അനൂപ് വി ആർ നടത്തിയിരിക്കുന്നത്. സീനിയർ വെള്ളാപ്പള്ളി ആയാലും ജൂനിയർ വെള്ളാപ്പള്ളിയെ ആയാലും ചർച്ചക്ക് ഇരുത്തി ‘ലെജിറ്റിമിസി’ ഉണ്ടാക്കികൊടുക്കുന്നത് അധികാരത്തിൽ ഇരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് അനൂപ് പ്രതികരിച്ചു. വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകൾക്ക് എതിരെ നടത്തിയ പോരാട്ടത്തിൻ്റെ ഫലം കൂടിയാണ് , ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കുന്നുവെന്നും തുഷാർ വെള്ളാപ്പള്ളിയെ എസ്എൻഡിപി യോഗത്തിൻ്റെ പ്രതിനിധിയായി ചർച്ചയ്ക്ക് നിയോഗിച്ചപ്പോൾ, എൻഡിഎ ഘടകകക്ഷി നേതാവുമായി ചർച്ചയ്ക്ക് തയ്യാർ അല്ല എന്ന് പറഞ്ഞ് അതിൽ നിന്ന് പിൻമാറിയതും അനൂപ് ഓർമിപ്പിക്കുന്നുണ്ട്.
എന്നാൽ ഇതിന് മറുപടിയുമായി, മുഖ്യമന്ത്രി കാണാൻ വരുന്ന ആരെയും കാണുമെന്നും ഏത് ശത്രുവിനെയും ആദരവോടെ സ്വീകരിക്കുമെന്നും ബിആർഎം ഷരീഫ് എത്തി. ഒരാളുടേയും തിണ്ണ നിരങ്ങാനോ വർഗ്ഗീയതയോട് സന്ധി ചെയ്യാനോ പോകില്ല. ഈ വ്യത്യാസം മനസ്സിലാക്കാതെ ചൊറിയുന്നത് ഏത് ഉദ്ദേശ്യത്തോടെയെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസ് ലേബലിൽ ചാനലിൽ പോകുന്നവർ പാർട്ടി മര്യാദ കാണിക്കണമെന്നും ഇവിടെ ഒരുത്തനും അനിവാര്യനല്ലെന്നും പറഞ്ഞതോടെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തന്നെ രണ്ട് ചേരിയായിട്ടുണ്ട്.
മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ കാണുന്നതും കസവ് ഷാൾ അണിയിക്കുന്നതും ഒരു സ്റ്റേറ്റ്മെൻ്റ് ആണ്. അതിനുള്ള അവസരം തുഷാറിന് ലഭിക്കാൻ പാടില്ലായിരുന്നു എന്ന് തന്നെയാണ് അഭിപ്രായമെന്നുമാണ് അനൂപിൻറെ മറുപടി. തുഷാർ സാമ്പത്തിക കുറ്റകൃത്യത്തിന് ജയിലിൽ കിടന്ന ആൾ ആണെന്ന് ഓർമിപ്പിച്ച അദ്ദേഹം, സാമ്പത്തിക കുറ്റവാളി കൂടിയായ ഒരു വർഗീയ വിദ്വേഷ പ്രചാരകന് കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാൻ പാടില്ലായിരുന്നു എന്ന് തന്നെയാണ് നിലപാടെന്ന് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി ഏതായാലും ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇഡി റെയ്ഡ് വിഷയം വന്നപ്പോൾ പറഞ്ഞ പോലെ, മറുപടി എപ്പോൾ പറയണം എന്ന് തീരുമാനിക്കാനുള്ള അവകാശം എന്തായാലും നമുക്ക് അദ്ദേഹത്തിന് തന്നെ കൊടുക്കാം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തന്നെ മറുപടി കിട്ടുമെന്ന് വിശ്വസിക്കുകയും ചെയ്യാം.
ഇതിനിടെ അച്ഛൻ വെള്ളാപ്പള്ളിയെ കണ്ട് അനുഗ്രഹം വാങ്ങിയ ഒരു മന്ത്രിയും പൊല്ലാപ്പ് പിടിച്ചിട്ടുണ്ട്. നിങ്ങൾ ഇത്രയും കാലം വിമർശിച്ചുകൊണ്ടിരുന്നയാളുടെ തന്നെ അനുഗ്രഹം വാങ്ങാൻ പോയത് ഇത്തിരി കൂടിപ്പോയില്ലെ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ക്ഷീരദിനാശംസകൾ നേരാനുള്ള മന്ത്രി ബിന്ദു കൃഷ്ണയുടെ ഹ്യൂമർ സെൻസിനെ കാണാതെ പോകരുത്. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വന്നതോടെ ന്യായീകരിച്ച് കുഴങ്ങുകയാണ് അണികൾ.
ചുരുക്കത്തിൽ, പഴയ പിണറായി വിജയൻ വെള്ളാപ്പള്ളിയെ ഔദ്യോഗിക വണ്ടിയിൽ കയറ്റിയപ്പോൾ അത് “അവിശുദ്ധ കൂട്ടുകെട്ടും” “സാമുദായിക പ്രീണനവും” ആയിരുന്നെങ്കിൽ, സതീശന്റെയടുത്ത് ജൂനിയർ വെള്ളാപ്പള്ളി കസവുഷാളുമായി എത്തുമ്പോൾ അത് വെറുമൊരു “സൗഹൃദ സന്ദർശനവും” മര്യാദയും മാത്രമായി മാറുന്ന മാന്ത്രികതയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. അധികാരം എന്ന കസേരയ്ക്ക് ഒരു പ്രത്യേകതയുണ്ട്; അതിലിരിക്കുമ്പോൾ പണ്ട് ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസംഗമെന്ന് വിളിച്ച് ആക്രോശിച്ച കാര്യങ്ങളെല്ലാം പെട്ടെന്ന് “വ്യക്തിപരമായ സൗഹൃദങ്ങളുടെ” പരിധിയിൽ വരും!
ഭരണം കിട്ടിയാൽ പിന്നെ പഴയ ‘പത്തു വർഷത്തെ നിലപാടുകൾ’ ഒക്കെ പരണത്ത് വെച്ച് പുതിയ ‘സ്റ്റേറ്റ്സ്മാൻ കളിക്കുന്നത്’ ഒരു സ്ഥിരം രാഷ്ട്രീയ അഭ്യാസമാണല്ലോ. സംഗതി വ്യക്തമാണ്: രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളും മിത്രങ്ങളുമില്ല, സ്ഥിരമായ അധികാര മോഹങ്ങൾ മാത്രമേയുള്ളൂ. ഇഡി റെയ്ഡിന്റെ കാര്യം പറഞ്ഞതുപോലെ, മുഖ്യമന്ത്രി സതീശൻ ഇതിനൊക്കെ എന്നെങ്കിലും മറുപടി പറയുകയാണെങ്കിൽ അത് കേൾക്കാൻ അണികൾക്ക് അടുത്ത അഞ്ച് വർഷത്തെ ഭരണകാലയളവ് ബാക്കിയുണ്ടല്ലോ എന്ന് ആശ്വസിക്കാം. അതുവരെ വെള്ളാപ്പള്ളി കുടുംബത്തിന് കസവുഷാൾ പുതപ്പിക്കാനും, അണികൾക്ക് സോഷ്യൽ മീഡിയയിൽ പരസ്പരം ചെളിവാരിയെറിയാനും ഈ ‘പുതിയ സതീശൻ തിയറി’ ധാരാളത്തിലും ധാരാളമാണ്!





